വത്തിക്കാൻ: ജനുവരി പതിനഞ്ചിന് നൈജീരിയയിൽ ചുട്ടുകൊല്ലപ്പെട്ട വൈദികൻ ഐസക് ആച്ചിയുടെ രക്തസാക്ഷിത്വം ക്രൈസ്തവരുടെ സഹനങ്ങളുടെ ഏറ്റവും വലിയ പ്രതീകമാണെന്ന് ഫ്രാൻസിസ് പാപ്പാ. പാപ്പയോടൊപ്പം ഈ വൈദികനുവേണ്ടിയും അതുപോലെ ഇത്തരം ആക്രമണങ്ങൾക്കിരയാകുന്ന എല്ലാ ക്രൈസ്തവർക്കുവേണ്ടിയും ഒരുമിച്ച് പ്രർത്ഥിക്കാമെന്ന് ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.
2023 ജനുവരി 15 ന് പുലർച്ചെ ആയുധധാരികളായ കവർച്ചാസംഘമാണ് ഈ ക്രൂരകൃത്യം നടത്തിയത്. താമസസ്ഥലം അഗ്നിക്കിരയായപ്പോൾ അതിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച സഹവികാരി ഫാ. കോളിൻസ് ഒമേയ്ക്കുനേരെ അക്രമികൾ വെടിയുതിർക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണ്.
നൈജീരിയയിൽ ക്രൈസ്തവർക്കുനേരെയും, വൈദികർക്കുനേരെയും, പള്ളികൾക്കുനേരെയും ഇത്തരം ആക്രമണങ്ങൾ പെരുകുകയാണ്. ഇസ്ലാമിക തീവ്രവാദികളും ആയുധധാരികളായ കവർച്ചാസംഘങ്ങളുമാണ് ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇതിനായി ഗവൺമെന്റും തീവ്രവാദികളോടൊപ്പം നിൽക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നൈജീരിയയിൽ ഉള്ളത്.