റൂഹാ മൗണ്ട്: അട്ടപ്പാടി സെഹിയോന്റെ ആരംഭം മുതലുള്ള ശുശ്രൂഷകൻ ബ്രദർ റാഫേൽ പൊറത്തൂർ ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. ഇന്ന് (2023 ജൂൺ 22) പുലർച്ചെ കോയമ്പത്തൂരുള്ള വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. തമിഴ്‌നാട് സർക്കാരിന്റെ ഹൗസിംഗ് ബോർഡ് ഉദ്യാഗസ്ഥനായി ജോലി ചെയ്തിരുന്ന റാഫേൽ ബ്രദർ തന്റെ ജോലി തിരക്കിനിടയിലും ദൈവവേലക്കായി സമയം മാറ്റിവെച്ചു തുടങ്ങി. 1998 മുതൽ അട്ടപ്പാടി സെഹിയോനിലും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പവും ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനോടൊപ്പവും ശുശ്രൂഷക്കായി എത്തിയിരുന്ന റാഫേൽ ബ്രദർ തന്റെ ജോലിയിൽ നിന്നും വിരമിച്ച ശേഷം സെഹിയോന്റെ മുഴുവൻ സമയ ശുശ്രൂഷകനായി.
ദൈവികകാര്യങ്ങളിൽ അതീവ താല്പര്യം കാണിച്ചിരുന്ന ബ്രദർ റാഫേൽ വിശുദ്ധ കുർബാനയിൽ മുടങ്ങാതെ പങ്കെടുക്കുവാൻ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. പ്രായത്തിന്റെ ക്ഷീണങ്ങൾ അലട്ടുമ്പോഴും വിശുദ്ധ കുർബാന മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ബ്രദർ സെഹിയോനിലെ ധ്യാനങ്ങളിൽ സഹായിക്കുന്നതിനായും സ്പിരിച്ച്വൽ ഷെയറിംഗിനായും എല്ലാ ആഴ്ചകളിലും അട്ടപ്പാടി സെഹിയോനിലേയ്ക്ക് ഓടിയെത്തിയിരുന്നു.
സഹശുശ്രൂഷകരുടെ ആത്മീയ ജീവിതത്തെക്കുറിച്ചും മറ്റും തിരക്കുന്നതിലും നിർദ്ദേശങ്ങൾ നൽകുന്നതിലും അതുപോലെതന്നെ വിശുദ്ധ കുർബാനയിൽ മുടങ്ങാതെ പങ്കെടുത്താൽ ലഭിക്കുന്ന ദൈവാനുഗ്രഹണങ്ങളെക്കുറിച്ച് പ്രത്യേകം പറയുന്നതിലും ഓരോരുത്തരുടെയും വിശേഷങ്ങൾ ചോദിച്ച് പ്രത്യേകം അവർക്കുവേണ്ടി പ്രാർത്ഥിക്കാനും റാഫേൽ ബ്രദർ മുൻകൈയെടുത്തിരുന്നു.
കുടുംബത്തിൽ ഭാര്യയുടെയും മക്കളുടെയും പരിപൂർണ പിന്തുണ ശുശ്രൂഷയിൽ ശക്തമായി മുന്നോട്ട് പോകുന്നതിനു റാഫേൽ ബ്രദറിന് ലഭിച്ചു. അതിനാൽത്തന്നെ തന്റെ ജീവിതത്തിന്റെ മുഴുവൻ സമയവും ദൈവത്തിനായി ബ്രദർ റാഫേൽ മാറ്റിവെച്ചു. കുടുംബം ഒരുമിച്ച് ദൈവിക ശുശ്രൂഷയിൽ വ്യാപൃതരായി.
സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെയും, PDM സന്യാസ സമൂഹത്തിന്റെയും, ASJM സിസ്റ്റേഴ്സിന്റെയും, AFCM ശുശ്രൂഷകളുടെയും ആത്മീയകാര്യങ്ങളിലും പ്രാർത്ഥന ശുശ്രൂഷകളിലും സഹായിക്കുന്നതിനോടൊപ്പം ഇതിന്റെയെല്ലാം അക്കൗണ്ട് സംബന്ധമായ എല്ലാ മേഖലകളിലും കൃത്യമായ നിർദേശങ്ങൾ നൽകാൻ റാഫേൽ ബ്രദർ ശ്രദ്ധിച്ചിരുന്നു. എല്ലാം കൃത്യമായിരിക്കാനും യാതൊരു തെറ്റുകളും വരാതിരിക്കാനും റാഫേൽ ബ്രദർ പ്രത്യേകം ശ്രദ്ധിച്ചു.
മരിക്കുന്നതിന് തലേന്നുവരെ (ഇന്നലെ 2023 ജൂൺ 21) സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തുകയും ശുശ്രൂഷ ചെയ്യുകയും ചെയ്ത ശേഷമാണ് വൈകിട്ടോടെ റാഫേൽ ബ്രദർ കോയമ്പത്തൂരുള്ള തന്റെ ഭവനത്തിലേക്ക് മടങ്ങിയത്. റാഫേൽ ബ്രദറിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം അട്ടപ്പാടി സെഹിയോൻ കുടുംബവും, PDM സന്യാസ സമൂഹവും, ASJM സിസ്റ്റേഴ്സും, ലോകം മുഴുവനുമുള്ള AFCM ശുശ്രൂഷകരും പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2023 ജൂൺ 23) ഗാന്ധിപുരം ലൂർദ്ദ്‌സ് ഫൊറോനാ പള്ളിയിൽ രാവിലെ 11:30 ന് നടത്തപ്പെടുന്നു.