ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ എ. ഡി 750-ൽ ജനിച്ച വിശുദ്ധ ബെനഡിക്ട് ഒരു ഗവർണ്ണറുടെ മകനായിരുന്നു. വിറ്റിസ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്.ആദ്യകാലങ്ങളിൽ രാജധാനിയില്‍ വിശിഷ്ടാഥിതികള്‍ക്കുള്ള ലഹരിപാനീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന ജോലിക്കാരനായിരുന്ന അദ്ദേഹം ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 വയസ്സായപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടു കൂടി ദൈവരാജ്യത്തിനുവേണ്ടി അന്വോഷണമാരംഭിക്കുവാന്‍ തീരുമാനമെടുത്ത അദ്ദേഹം, ഫ്രാന്‍സിലെ ഡിജോണിനു സമീപമുള്ള സെന്റ് സെയിനെയിലെ ഒരു ബെനഡിക്ടന്‍ സന്യാസിയായി തീരുകയും ബെനഡിക്ട് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ആശ്രമാധികാരികള്‍ അദ്ദേഹത്തെ ആശ്രമത്തിലെ കലവറ സൂക്ഷിപ്പുകാരനായി നിയമിച്ചു. വെറും നിലത്ത് കിടന്നുറങ്ങികൊണ്ടും, വെള്ളവും അപ്പവും മാത്രം ഭക്ഷണമാക്കി കൊണ്ടും രാത്രിമുഴുവന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി കൊണ്ടും, ശൈത്യകാലങ്ങളില്‍ നഗ്നപാദനായി സഞ്ചരിച്ചുകൊണ്ടും ഏറെ താല്പര്യപൂർവ്വം താപസജീവിതം അനുഷ്ഠിച്ച അദ്ദേഹം രണ്ടുവർഷക്കാലം അവിടെ ചിലവഴിച്ചു. തനിക്ക് നേരേ ഉയര്‍ന്ന അവഹേളനങ്ങളെയും വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. 779-ല്‍ ലാന്‍ഗൂഡോക്കിലുള്ള തന്റെ സ്വന്തം നാട്ടില്‍ തിരികെ എത്തിയ വിശുദ്ധൻ,അവിടെ അനിയാനേക്ക് സമീപമുള്ള ബ്രൂക്കില്‍ സന്യാസ ജീവിതം നയിച്ചുവന്നു. 782-ല്‍ അദ്ദേഹം അവിടെ ഒരാശ്രമവും ഒരു ദേവാലയവും പണികഴിപ്പിച്ചു.
ഉര്‍ഗേലിലെ മെത്രാനായിരുന്ന ഫെലിക്സ്, അഡോപ്ഷനിസം (Adoptionism) (ക്രിസ്തു ദൈവത്തിന്റെ സ്വാഭാവിക മകനായിരുന്നില്ലെന്നും, പരമപിതാവിന്റെ പുത്രനായി ദത്തെടുക്കപ്പെട്ടവനാണെന്നും) എന്ന സിദ്ധാന്തം മുന്നോട്ട് വച്ചപ്പോള്‍, വിശുദ്ധ ബെനഡിക്ട് ഈ സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ക്കുകയും 794-ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇതിനെതിരെ ഒരു സിനഡ് വിളിച്ചു കൂട്ടുന്നതിനു സഹായിക്കുകയും ചെയ്തു. ബെനഡിക്റ്റൻ നിയമാവലിയെ താപസജീവിതത്തിന് ഏറ്റവും അനുയോജ്യമായതായി കരുതിയ വിശുദ്ധൻ താൻ സ്ഥാപിച്ച ആശ്രമങ്ങളിലെല്ലാം ഇത് നടപ്പാക്കാൻ ശ്രമിച്ചു.
മനസ്സിൽ ഭാരവും നിരാശയുമായി വിശുദ്ധന്റെ അടുക്കൽ വന്ന് സംസാരിച്ചിരുന്നവർക്ക് അതിൽ നിന്ന് മുക്തി ലഭിച്ചിരുന്നതായി പറയപ്പെടുന്നു.എ.ഡി 821ൽ ജെര്‍മ്മനിയിലെ കോര്‍നേലിമൂയിന്‍സ്റ്റെറില്‍വെച്ച് തന്റെ 71ആം വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/745
https://www.loyolapress.com/catholic-resources/saints/saints-stories-for-all-ages/saint-benedict-of-aniane/
https://www.catholic.org/saints/saint.php?saint_id=941
https://www.newadvent.org/cathen/02467a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount