പാലക്കാട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകിയ പാലക്കാട് അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു. പാലക്കാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 28 ചൊവ്വാഴ്ച ആരംഭിച്ച കൺവെൻഷൻ നാലുദിനങ്ങൾ പിന്നിട്ട് ഇന്ന് (2023 മാർച്ച് 31 വെള്ളി) രാത്രി 09:30 ന് സമാപിച്ചു.
ഇന്നത്തെ കൺവെൻഷൻ ശുശ്രൂഷകൾ വൈകിട്ട് 04:15 ന് കുരിശിന്റെ വഴിയോടെ ആരംഭിച്ചു. 05:00 മണിയ്ക്ക് ബഹുമാനപ്പെട്ട ജീജോ ചാലയ്ക്കൽ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. വചന പ്രഘോഷണത്തിന്റെ ആദ്യ ഭാഗം സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചൻ നേതൃത്വം നൽകി. തുടർന്നുള്ള വചനപ്രഘോഷണത്തിനും ശുശ്രൂഷകൾക്കും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി.
രോഗികൾക്കും കുട്ടികൾക്കും വേണ്ടി ഇന്നത്തെ ശുശ്രൂഷയിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. 09:30 ന് ആരാധനയോടെ ശുശ്രൂഷകൾ സമാപിച്ചു. അനുഗ്രഹങ്ങൾ നിറഞ്ഞൊഴുകിയ വലിയൊരു കൺവെൻഷനാണ് പാലക്കാട് പട്ടണം കഴിഞ്ഞ നാലുദിനങ്ങൾ സാക്ഷ്യം വഹിച്ചത്. പാലക്കാട് ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നായി ആയിരങ്ങൾ കൺവെൻഷൻ ശുശ്രൂഷയിൽ പങ്കെടുത്തു.