റൂഹാ മൗണ്ട്: ഇന്ന് ജൂലൈ 25 വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ. ഇന്ന് തിരുനാൾ ആഘോഷിക്കുന്ന എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ. പ്രത്യേകിച്ച് Preachers of Divine Mercy Monastery യുടെ സ്ഥാപകരിൽ ഒരാളും പാലക്കാട് രൂപതയുടെ മെത്രാനുമായിരുന്ന അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവും ഇന്ന് തന്റെ സ്വർഗീയ മധ്യസ്ഥന്റെ നാമഹേതുക തിരുനാൾ ആഘോഷിക്കുകയാണ്. അഭിവന്ദ്യ പിതാവിന് PDM കുടുംബത്തിന്റെ തിരുനാൾ മംഗളങ്ങൾ.
വിശുദ്ധ യാക്കോബ് ശ്ലീഹായെക്കുറിച്ച്……….
യേശു തന്റെ രൂപാന്തരീകരണത്തിനും, ജയ്റോസിന്റെ മകളെ ഉയിർപ്പിക്കുന്നതിനും, ഗത്സമേനിയിലെ പീഡസഹനത്തിനുമൊക്കെ സാക്ഷ്യം വഹിക്കാൻ പ്രത്യേകം തിരഞ്ഞെടുത്ത മൂന്ന് ശ്ലീഹന്മാരിൽ ഒരാളാണ് വി. യാക്കോബ് ശ്ലീഹ. യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം ഇസ്രായേലിലും റോമിലുമെല്ലാം സുവിശേഷം പ്രസംഗിച്ച വിശുദ്ധൻ തുടർന്ന് സ്പെയിനിലും സുവിശേഷം അറിയിച്ചു. തിരികെ ജെറുസലേമിൽ എത്തിയ വിശുദ്ധനെ ഹേറോദ് അഗ്രിപ്പാ ശിരശ്ചേദം ചെയ്ത് കൊലപ്പെടുത്തി.”അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.” എ.ഡി 44 ലായിരുന്നു വിശുദ്ധന്റെ രക്തസാക്ഷിത്വം എന്ന് പറയപ്പെടുന്നു. അപ്പസ്തോലന്മാരിലെ ആദ്യ രക്തസാക്ഷി വി. യാക്കോബ് ശ്ലീഹായാണ്.
വിശുദ്ധനെപ്പോലെ അഭിവന്ദ്യ പിതാവും ഒരു ജനതയുടെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് പാലക്കാട് രൂപതയിൽ സ്തുത്യർഹമായ ശുശ്രൂഷ നിർവഹിച്ചു. പാലക്കാട് രൂപതാധ്യക്ഷൻ സ്ഥാനത്തുനിന്ന് വിരമിച്ചിട്ടും ദൈവജനത്തിനും സുവിശേഷത്തിനും വേണ്ടി അഹോരാത്രം അഭിവന്ദ്യ പിതാവ് പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം PDM സന്യാസ സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും ASJM സിസ്റ്റേഴ്സിന്റെ എല്ലാ കാര്യങ്ങളിലും അതീവ താല്പര്യത്തോടെ മുൻകയ്യെടുത്ത് ബ്രദേഴ്സിനും സിസ്റ്റേഴ്സിനും പരിശീലനം നൽകി വിശുദ്ധിയിൽ വളരാൻ സഹായിക്കുന്ന അഭിവന്ദ്യ പിതാവിന് ഒരിക്കൽക്കൂടി നാമഹേതുക തിരുനാളിന്റെ മംഗളങ്ങൾ.