ചിക്കാഗോ: അട്ടപ്പാടിയിൽ ആരംഭിച്ച് ലോകം മുഴുവൻ അഭിഷേക കൊടുങ്കാറ്റായി മാറികൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനി സമൂഹത്തിന് അമേരിക്കയിൽനിന്ന് മൂന്ന് ദൈവവിളികൾ! അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മൂന്ന് മലയാളി യുവതികളാണ് തങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ഒക്ടോബർ ഏഴാം തീയതി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചത്. ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ നടന്ന തിരുക്കർമങ്ങളിൽ ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ടായിരുന്നു മുഖ്യകാർമികൻ.
സന്യാസിനി സമൂഹത്തിന്റെ സ്ഥാപകരായ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ബിനോയ് കരിമരുതിങ്കൽ, അഭിഷേകാഗ്നി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനി സമൂഹം സുപ്പീരിയർ സിസ്റ്റർ എയ്മി ഇമ്മാനുവൽ എന്നിവരും സന്നിഹിതരായിരുന്നു. ഫ്‌ളോറിഡയിൽ താമസിക്കുന്ന ജോസഫ് എബ്രഹാം- ആൻസി ജോസഫ് ദമ്പതികളുടെ മകൾ ബിനിറ്റ് അന്ന ജോസഫ്, ന്യൂയോർക്കിൽ താമസിക്കുന്ന ജോർജ് തോമസ്- ഗ്രേസി ജോർജ് ദമ്പതികളുടെ മകൾ മെൽവി ജോർജ്, ഫ്‌ളോറിഡയിൽ താമസിക്കുന്ന സിരി- റെനി ദമ്പതികളുടെ മകൾ മേരി ചാഴിക്കാട്ട് എന്നിവരാണ് പ്രഥമ വ്രത വാഗ്ദാനം സ്വീകരിച്ചത്.
ഉന്നത വിദ്യാഭ്യാസത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ കർത്താവിന്റെ വിളി തിരിച്ചറിഞ്ഞ് ഇവർ അഭിഷേകാഗ്‌നി സന്യാസിനി സമൂഹത്തിൽ അംഗങ്ങളാവുകയായിരുന്നു. 2014 സെപ്റ്റംബർ എട്ടിന്, പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ദിവസം ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് രൂപം നൽകിയ അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സിന്റെ പയസ് യൂണിയന് ഇന്ത്യയിൽ മാത്രമായി ഇപ്പോൾ 29 സിസ്റ്റേഴ്‌സും പരിശീലനം നടത്തുന്നവരും ഉൾപ്പെടെ 50ൽപ്പരം അംഗങ്ങളുണ്ട്. കുടുംബങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തുന്ന ഇടവക ധ്യാനങ്ങൾ, യുവജനങ്ങളെ സുവിശേഷ തീഷ്ണമതികളാക്കുന്ന ധ്യാനങ്ങൾ, ദൈവവിളികളെ ഉജ്വലിപ്പിക്കുന്ന സെമിനാരി ധ്യാനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശുശ്രൂഷകളാണ് അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സിന്റെ കാരിസം.