പാലക്കാട്: ഇന്തോനേഷ്യൻ നഗരമായ മകാസറിലെ തിരുഹൃദയ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ ചാവേര്‍ സ്ഫോടനം. ദേവാലയത്തിന് പുറത്ത് ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തോളം വിശ്വാസികള്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30നോട് കൂടിയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് ശരീരഭാഗങ്ങളുണ്ടെന്നും അവ ആക്രമണകാരിയുടേത് ആണോയെന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ തീവ്രവാദി മോട്ടോർ ബൈക്കിൽ എത്തി ദേവാലയത്തില്‍ പാഞ്ഞു കയറി ആക്രമണം നടത്തുകയായിരിന്നുവെന്നാണ് പ്രാഥമിക വിവരം.
പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഓശാന ഞായര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ചർച്ചസ് മേധാവി ഗോമർ ഗുൽറ്റോം പറഞ്ഞു. ശാന്തത പാലിക്കാനും അധികാരികളുടെ നിര്ദേശങ്ങള്‍ പാലിക്കുവാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളുടെ ദുഃഖം മാറും മുന്‍പാണ് വിശുദ്ധവാരത്തിന് ആരംഭം കുറിക്കുന്ന ഇന്നു ഓശാന ഞായറാഴ്ച ഇന്തോനേഷ്യയില്‍ സ്ഫോടനം ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഇതിന് മുന്‍പും തീവ്രവാദി ആക്രമണം ഉണ്ടായിട്ടുണ്ട്. 2018-ൽ, ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിൽ ഞായറാഴ്ച നടന്ന തിരുകര്‍മ്മങ്ങള്‍ക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടിരിന്നു.