അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തെ സംബന്ധിച്ച് ഏപ്രിൽ 28 വളരെ വലിയൊരു ദിവസമാണ്. കാരണം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം സ്ഥാപിതമായിട്ട് 23 വർഷങ്ങൾ പിന്നിടുകയാണ്. അതുപോലെതന്നെ ദൈവാനുഗ്രഹത്തിന്റെ ആലയമായ സെഹിയോൻ ധ്യാനകേന്ദ്രത്തെ നട്ടുവളർത്തുവാനും കാലത്തിന്റെ പ്രവാചകനായി ഉയർത്തുവാനും ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്റെ സ്വന്തം അഭിഷിക്തൻ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന് തിരുപ്പട്ടം കിട്ടിയ ദിവസം കൂടിയാണ് ഏപ്രിൽ 28 എന്ന ദിവസം.
ദൈവത്തിന്റെ കരത്തിൻകീഴിൽ ദൈവമക്കൾക്കായി സെഹിയോൻ ധ്യാനകേന്ദ്രം പ്രവർത്തിക്കുന്നു. അട്ടപ്പാടി – താവളം മലകളുടെ പ്രശാന്തമായ താഴ്വരയില്‍ നിശബ്ദതയുടെ മടിത്തട്ടില്‍ ഒരു ധ്യാനക്രേന്ദം- അതാണ് സെഹിയോന്‍. ദൈവസാന്നിദ്ധ്യത്തിന്റെ കുളിര്‍മ്മയില്‍ അനേകര്‍ ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നു. കേരളം, തമിഴ്നാട്,കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, അനേകം രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ ഇവിടെ വന്നു പ്രാർത്ഥിച്ചു പോകുന്നു.
കാരറ പള്ളിവികാരിയായിരുന്ന ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന് ആത്മാകളെ നേടുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന ശക്തമായ പ്രേരണയുണ്ടായി. അതിനുവേണ്ടിയുള്ള പ്രാർത്ഥനയും പ്രവർത്തനവും ആരംഭിച്ചു. അതിൽനിന്നും ഉടലെടുത്തതാണ് സെഹിയോൻ ധ്യാനകേന്ദ്രം. 1997 ഏപ്രില്‍ 30-ന് അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് താവളത്ത് ഉണ്ടായിരുന്ന ബോയ്സ് ഹോമില്‍ “സെഹിയോന്‍” എന്ന പേരില്‍ ഒരു ധ്യാനകേന്ദ്രം കല്പന വഴി സ്ഥാപിച്ചു, ആദ്യ ഡയറക്ടറായി ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനെ നിയമിക്കുകയും ചെയ്‌തു.1998 ഏപ്രിൽ 28-ാം തിയ്യതി അഭിവന്ദ്യ പിതാവ് ആദ്യത്തെ സെഹിയോൻ വചനഹാള്‍ വെഞ്ചരിച്ചു. അട്ടപ്പാടിയിലെ ബഹു. ജോസ് കൊച്ചുപറമ്പിലച്ചന്‍, ബഹു. വിന്‍സെന്റ് ഒല്ലൂക്കാരനച്ചന്‍, ബഹു. ജോസ് കുളമ്പിലച്ചന്‍, മറ്റു വൈദികർ, തുടങ്ങിയവരുടെ നിസ്തുല സഹായവും സഹകരണവും ധ്യാനകേന്ദ്ര ശുശ്രൂഷകളിലുണ്ടായിരുന്നു.
റവ. ഫാ. ജോസ് ആലയ്ക്കക്കുന്നേൽ അച്ചനാണ് ഇപ്പോഴത്തെ സെഹിയോന്റെ ഡയറക്ടർ. ഫാ. ജോസഫ് അറക്കൽ, ഫാ. ക്രിസ്റ്റോ എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാർ. ഫാ. ബിനോയ് കരിമരുതിങ്കല്‍ അച്ചനായിരുന്നു മുൻ സെഹിയോൻ ഡയറക്ടർ.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ സെഹിയോന്റെ സ്ഥാപക ഡയറക്ടറും, സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറുമാണ്. ഫാ. ആന്റണി നെടുംപുറത്ത് സെഹിയോൻ മിനിസ്ട്രീസിന്റെ ജോയിന്റ് ഡയറക്ടറുമാണ്.
ഫാ. സോജി ഓലിക്കല്‍, ഫാ. റെനി പുല്ലുകാലായില്‍, ഫാ. ബിനോയി കരിമരുതിങ്കല്‍, ഫാ. ഷിനോജ് കളരിയ്ക്കൽ, ഫാ. റെന്നി കാഞ്ഞിരത്തിങ്കല്‍… എന്നിവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി സെഹിയോനില്‍ ശുശ്രൂഷ ചെയ്തവരാണ്.
അതോടൊപ്പം, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ബിനോയ് കരിമരുത്തിങ്കൽ എന്നിവർ PDM, ASJM എന്നീ സന്ന്യാസ ആശ്രമങ്ങളുടെ സ്ഥാപകർ കൂടിയാണ്. ഈ വൈദികർ ആരംഭിച്ച അല്മായ മുന്നേറ്റമായ AFCM. AFCM ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി പടർന്ന് പന്തലിച്ചു നിൽക്കുന്നു.
സെഹിയോൻ ദൈവം കൈപിടിച്ചുനടത്തുന്ന ദൈവകരുണയുടെ ഒരാലയമാണ്. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ഇവിടെ സംഭവിക്കുന്നു. കഴിഞ്ഞ 23 വർഷങ്ങളായി അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലൂടെ, ബഹുമാനപ്പെട്ട വട്ടായിലച്ചനിലൂടെ ഈശോയുടെ കരുണയും സ്നേഹവും അളവുകളില്ലാതെ ദൈവമക്കളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. അനേകം രോഗസൗഖ്യങ്ങളിലൂടെയും വിടുതലുകളിലൂടെയും കാരുണ്യവാനായ ദൈവം സെഹിയോനിൽ ഇന്നും പ്രവർത്തിക്കുന്നു. പതിനായിരങ്ങൾക്ക് ആശ്വാസ കേന്ദ്രമായി സെഹിയോൻ ഇന്നും നിലകൊള്ളുന്നു.