അട്ടപ്പാടി: സോഷ്യൽ മീഡിയയിലൂടെയും ചാനൽ ചർച്ചകളിലൂടെയും സിനിമകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ക്രൈസ്തവ സമുദായത്തിനെതിരെയും ക്രൈസ്തവ നേതൃത്വത്തിനെതിരെയും നടമാടുന്ന ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് അട്ടപ്പാടിയിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ.
ഇന്ന് രാത്രി 07:30 ന് ഷെക്കെയ്ന ന്യൂസിലൂടെയുള്ള പ്രത്യേക പ്രോഗ്രാമിൽ ആണ് വട്ടായിലച്ചൻ സംസാരിക്കുന്നത്. ഇന്ന് (18/07/2021) മുതൽ 2021 ജൂലൈ 23 വെള്ളിയാഴ്ച വരെയാണ് ഷെക്കെയ്ന ന്യൂസിൽ മാധ്യമങ്ങളിലൂടെയുള്ള ക്രൈസ്തവ വേട്ടയെക്കുറിച്ച് പ്രത്യേക പ്രോഗ്രാം നടത്തപ്പെടുന്നത്. എല്ലാദിവസവും രാത്രി 07:30 നാണ് പ്രോഗ്രാം നടത്തപ്പെടുന്നത്.
ബിഷപ്പ് മാർ തോമസ് തറയിൽ, ഫാ. റോയി കണ്ണൻചിറ സി എം ഐ, ശ്രീ. സന്ദീപ് വാര്യർ, ശ്രീ. അലി അക്ബർ, ശ്രീ. കെവിൻ പീറ്റർ തുടങ്ങിയവർ മാധ്യമങ്ങളിലെ ക്രൈസ്തവ വേട്ടയെക്കുറിച്ച് തുടർന്നുള്ള ദിവസങ്ങളിൽ സംസാരിക്കുന്നു.
ഇന്നു നമ്മുടെ ഇടയിൽ സോഷ്യൽ മീഡിയയിലൂടെയും ചാനൽ ചർച്ചകളിലൂടെയും സിനിമകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ക്രൈസ്തവ സമുദായത്തിനെതിരെയും ക്രൈസ്തവ നേതൃത്വത്തിനെതിരെയും നടക്കുന്ന ക്രൈസ്തവ അവഹേളനവും ക്രൈസ്തവ വേട്ടയും സമാനതകളില്ലാതെ തുടരുകയാണ്. ആരോഗ്യപരമായ വിമർശനങ്ങളെയും എതിർപ്പുകളെയും ക്രൈസ്തവ സമുദായം കഴിഞ്ഞ രണ്ടായിരം വർഷത്തോളമായി ആരോഗ്യപരമായി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. നല്ല കാര്യങ്ങൾ സ്വാംശീകരിച്ചിട്ടുണ്ട്. ധാരാളം സംഭാവനകൾ സമൂഹത്തിന് നൽകിയിട്ടുമുണ്ട്.
എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ക്രൈസ്തവസമുദായ നേതൃത്വത്തെയും വിശ്വാസ സംഹിതകളെയും ആചാരാനുഷ്ഠാനങ്ങളെയും ജീവിതരീതികളേയും ലക്ഷ്യം വെച്ചുകൊണ്ട് പത്രമാധ്യമങ്ങളും ചാനൽ ചർച്ചകളും ടെലിവിഷൻ ചാനലുകളും സിനിമകളും സോഷ്യൽ മീഡിയയുമെല്ലാം വളരെ സംഘടിതമായ ആക്രമണം ക്രൈസ്തവ സമുദായത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഇനിയും കണ്ടില്ലെന്ന് നടിച്ച് നാം ഉണർന്നില്ലെങ്കിൽ നാളെ നമ്മുടെ പ്രതിഷേധങ്ങൾ ശവകുടീരത്തിൽ അർപ്പിക്കപ്പെട്ട ഭക്ഷണപാനീയങ്ങൾ പോലെയിരിക്കുമെന്നും ഈ പ്രത്യേക പ്രോഗ്രാമിന് മുന്നോടിയായി നൽകിയ വീഡിയോ സന്ദേശത്തിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ വ്യക്തമാക്കി.