റൂഹാ മൗണ്ട്: ക്രൈസ്തവ ആരാധനാലയങ്ങൾക്കുനേരെ തുടർച്ചയായ ആക്രമണം ഉണ്ടായ ഊന്നുകൽ പ്രദേശം സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി. ആക്രമണമുണ്ടായ അംബികാപുരം സെന്റ് മേരീസ് പള്ളി, ഊന്നുകൽ കപ്പേള, നെല്ലിമറ്റം പുലിയൻപാറ പള്ളി എന്നിവിടങ്ങളിലാണ് ജില്ലാ പോലീസ് മേധാവി സന്ദർശനം നടത്തിയത്. അംബികാപുരം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപക്കൂട് തകർക്കാനുള്ള ശ്രമമാണ് അവസാനമായി നടന്ന ആക്രമണം.
ആക്രമണത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം വേണം എന്ന ആവശ്യം ശക്തമായി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി സ്ഥലം സന്ദർശിച്ചത്. ഊന്നുകൽ വെള്ളാമക്കുത്തിലെ വിശുദ്ധ അന്തോണീസിന്റെ തകർന്ന രൂപക്കൂടും നെല്ലിമറ്റം പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പരിസരത്തും പരിശോധന നടത്തി. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.