റൂഹാ മൗണ്ട്: ഒരാഴ്ചയായി കെന്റകി ക്രിസ്ത്യന്‍ കോളേജ് ചാപ്പലില്‍ നടന്നുവരുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മ തുടരുകയാണ് അതോടൊപ്പം ലോകം ഈ കൂട്ടായ്മയെ ഉറ്റുനോക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് അവസാനിക്കേണ്ടിയിരുന്ന പ്രാര്‍ത്ഥന വിദ്യാര്‍ത്ഥികളുടെ ആവേശത്താല്‍ ഒരാഴ്ച കഴിഞ്ഞിട്ടും അവസാനിക്കാതെ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളും ഈ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ എത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആസ്ബറി യൂണിവേഴ്സിറ്റിയിലെ ഹഗ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ത്ഥന കൂട്ടായ്മ ആശീര്‍വാദത്തോടും, ഗാനത്തോടും കൂടി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന കഴിഞ്ഞിട്ടും പിരിഞ്ഞുപോകുവാന്‍ കൂട്ടാക്കിയില്ല. ഇതാണ് പിന്നീട് വന്ന മണിക്കൂറുകളില്‍ അനേകം പേര്‍ ഏറ്റെടുത്തത്.
അവിടെ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നവർ പ്രധാനമായും ലോകത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും, ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്തപിക്കുകയും, രോഗശാന്തി, സമാധാനം, നീതി എന്നിവക്കായി മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തുവെന്നു കൂട്ടായ്മയില്‍ പങ്കെടുത്ത അസ്ബറി സര്‍വ്വകലാശാലയിലെ തിയോളജി പ്രൊഫസ്സറായ തോമസ് എച്ച്. മക്കാള്‍ പറഞ്ഞു. വളരെ ശാന്തമായ രീതിയിൽ കൃപ നിറഞ്ഞ അന്തരീക്ഷത്തിലാണ് പ്രാർത്ഥന നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 14 വരെ മൂവായിരത്തിലധികം പേർ പ്രാർത്ഥനയിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചുറ്റുമുള്ള പത്തോളം സർവകലാശാലകളിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ വന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നു.