വത്തിക്കാൻ: മുസ്ലിം വിരുദ്ധത എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി (യു.എന്‍.എച്ച്.ആര്‍.സി) പുറത്തുവിട്ട റിപ്പോർട്ടിൽ നിരാശയും കടുത്ത ആശങ്കയും വത്തിക്കാൻ പ്രകടിപ്പിച്ചിരിക്കുന്നു. ലോകമെമ്പാടും പീഢിപ്പിക്കപ്പെടുന്ന മറ്റ് മതസ്ഥരെ അവഗണിക്കുന്ന രീതിയിലുള്ളതാണ് ഈ റിപ്പോർട്ട്. ഈ റിപ്പോര്‍ട്ട് മതപരമായ വിഭാഗീയതക്കും, ധ്രുവീകരണത്തിനും കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയിലേയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേയും വത്തിക്കാന്‍ സ്ഥിര പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിച്ച് മാര്‍ച്ച് 4ന് നടന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ നാല്‍പ്പത്തിയാറാമത് സെഷനിടയില്‍ ചൂണ്ടിക്കാട്ടി.
ഒരു മതവിഭാഗത്തിന് മാത്രം പ്രത്യേക ശ്രദ്ധ നല്‍കുന്നത് വിഭാഗീയതയും, അന്താരാഷ്ട്ര സമൂഹത്തിന്റെ ധ്രുവീകരണത്തിനും കാരണമാകുമെന്നു വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങള്‍ മാത്രം നേരിടുന്ന വിവേചനത്തേയും, അക്രമത്തേയും, അവകാശ ലംഘനങ്ങളേയും കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ട് പറയുന്നതെന്നും, അതേസമയം മറ്റ് മതസ്ഥരും നേരിട്ടുകൊണ്ടിരിക്കുന്ന വിദ്വേഷവും, അക്രമവും, അടിച്ചമര്‍ത്തലും അപലപിക്കപ്പെടേണ്ടതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. റിപ്പോര്‍ട്ടിന്റെ വിഷയം ഒരു മതത്തില്‍ മാത്രം പരിമിതപ്പെടുത്തുന്ന സമീപന ശൈലിയില്‍ മാറ്റം വരുത്തണമെന്നും, ഇത്തരത്തിലുള്ള ശൈലി പിന്തുടര്‍ന്നാല്‍ അത് ‘നമ്മള്‍’ എന്നതിന് പകരം ‘അവര്‍’ എന്ന മാനസികാവസ്ഥയിലേക്കെത്തിക്കുമെന്ന മുന്നറിയിപ്പും മെത്രാപ്പോലീത്ത നല്‍കി.
മനുഷ്യാവകാശം സംബന്ധിച്ച ആഗോള പ്രഖ്യാപനത്തില്‍ (യു.എന്‍.എച്ച്.ആര്‍.സി) പറഞ്ഞിരിക്കുന്ന പോലെ മതസ്വാതന്ത്ര്യത്തിന്റെ സാര്‍വത്രികത ബഹുമാനിക്കപ്പെടേണ്ടതാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കോവിഡ് പകര്‍ച്ചവ്യാധി കാരണം മതസ്വാതന്ത്ര്യം കൂടുതലായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാനുഷികാന്തസ്സിന്റെ ഏറ്റവും അന്തര്‍ലീനമായ വശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ പൊതുഅധികാരികള്‍ ബാധ്യസ്ഥരാണെന്ന്‍ ഓര്‍മ്മിപ്പിച്ച ആര്‍ച്ച് ബിഷപ്പ് ജുര്‍ക്കോവിച്ച് പ്രത്യേക മതവിഭാഗത്തെ മാത്രം പരിഗണിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും, അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശ മേഖലകളെയും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കിക്കൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.
ഇസ്ലാമോഫോബിയ വിഷയത്തില്‍ നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള ഐക്യരാഷ്ട്ര സഭ ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂര പീഡനങ്ങളില്‍ പാലിക്കുന്ന നിശബ്ദതയ്ക്കെതിരെ നേരത്തെയും പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരിന്നു. എന്നാല്‍ വിഷയത്തില്‍ ആദ്യമായാണ് പരസ്യമായ പ്രതികരണവുമായി വത്തിക്കാന്‍ രംഗത്തെത്തുന്നത്.