റൂഹാ മൗണ്ട്: കരിസ്മാറ്റിക് നവീകരണ രംഗത്ത് നിർണായ സംഭാവനകൾ നൽകിയതും അനേകം വ്യക്തികളുടെ ആത്മീയ ജീവിതത്തിൽ താങ്ങായി നിന്നിരുന്ന ഫാ. ജോർജ് കളത്തിൽ CMI നിര്യാതനായി. 1947 ൽ ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് അടുത്തുള്ള കണ്ണാടി എന്ന സ്ഥലത്താണ് ബഹുമാനപ്പെട്ട ജോർജ് അച്ചൻ ജനിച്ചത്. 1966 ൽ CMI സഭയിൽ ആദ്യവ്രതം ചെയ്തു. 1974 ൽ മേരിക്കുന്ന്, ദേവഗിരി, കൂടത്തായി, അമലാപുരി, പാറോക്കൊടി, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തു. ഈ കാലയളവിൽ സെമിനാരി പരിശീലകനായും, ഇടവക വികാരിയായും അച്ചൻ സേവനം ചെയ്തു. 1984 ൽ CMI സഭയുടെ കൗൺസിലറായും 1999 ൽ വികാർ പ്രൊവിൻഷ്യാൾ ആയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
കളത്തിൽ അച്ചന്റെ ഏറ്റവും വലിയ സംഭാവന എന്നത് അദ്ദേഹം ചെയ്ത ആത്‌മീയ ശുശ്രൂഷകളാണ്. തളിപ്പറമ്പ് ദർശന ധ്യാനകേന്ദ്രം ആരംഭിച്ചപ്പോൾ അതിന്റെ ആദ്യത്തെ ഡയറക്ടർ ആയി നിയമിതനായത് കളത്തിൽ അച്ചനാണ്. 10 വർഷത്തോളം ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തു. തുടർന്ന് 3 വർഷം കേരളം സർവീസ് ടീം ചെയർമാൻ ആയി.കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. 2009 മുതൽ 2014 വരെ കുളത്തുവയൽ നിർമല ധ്യാനകേന്ദ്രത്തിലെ സ്പിരിച്വൽ ഡയറക്ടറായി സേവനം ചെയ്തു. ഈ കാലങ്ങളിലെല്ലാം കേരളത്തിലും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും സഞ്ചരിച്ച് ഒട്ടനവധി ധ്യാനങ്ങൾ നടത്തുകയും ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അങ്ങനെ ഒട്ടനവധിപ്പേരുടെ ആത്മീയ ജീവിതത്തിൽ വലിയൊരു പ്രചോദനമായി അച്ചൻ തന്റെ ജീവിതത്തെ മാറ്റി. ധ്യാനത്തിന് പുറമെ അദ്ദേഹം നല്ലൊരു കൗൺസിലറും കുമ്പസാരക്കാരനുമായിരുന്നു. അതിനാൽത്തന്നെ ഒട്ടനവധിപ്പേർ അച്ചന്റെ അടുക്കൽ പ്രാർത്ഥിക്കാൻ വരുമായിരുന്നു. കാണാൻ വരുന്നവരെ എത്ര സമയം വൈകിയായാലും കാണാതെ പറഞ്ഞയക്കില്ലായിരുന്നു. അതിനാൽത്തന്നെ അച്ചന്റെ സ്വാധീനം ഒട്ടനവധിപ്പേരുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. പ്രായംകൂടുന്തോറും രോഗങ്ങൾ അലട്ടിയിരുന്നു എങ്കിലും അദ്ദേഹം ബസിൽ യാത്ര ചെയ്ത് ശുശ്രൂഷകൾ നടത്തി. ഇത്തരം എല്ലാ തിരക്കിനിടയിലും പ്രാർത്ഥനകൾക്ക് ഒരു കുറവും വരുത്താതെ അദ്ദേഹം കൃത്യത പാലിക്കാൻ വളരെയധികം ശ്രദ്ധ ചെലുത്തി. യാത്രകൾ ചെയ്ത് എത്ര വൈകി വന്നാലും രാവിലെ 6 മണിയ്ക്ക് മുൻപ് പള്ളിയിലെത്തുന്നതിൽ അദ്ദേഹം വീഴ്ച വരുത്തിയിട്ടില്ല. സഭ നിയമ പ്രകാരമുള്ള പ്രാർത്ഥനകൾ എല്ലാം കൃത്യമായി ചൊല്ലുന്നതിലും അദ്ദേഹം കൃത്യത പാലിച്ചിരുന്നു. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ഇരുന്ന് കൂടുതൽ സമയം പ്രാർത്ഥിക്കുന്നതിലും പ്രത്യേകം സമയം കണ്ടെത്തിയിരുന്നു ബഹുമാനപ്പെട്ട കളത്തിൽ അച്ചൻ.
തുടർന്ന് രോഗം പിടിപെട്ടപ്പോഴും ആദ്യം അച്ചൻ കുമ്പസാരിക്കണം എന്നാണ് പറഞ്ഞത്. ജീവിതത്തിൽ അദ്ദേഹം വിശുദ്ധിയോടെ ജീവിക്കാൻ കൂടുതൽ ശ്രമിച്ചിരുന്നു. അതിനാൽത്തന്നെ സ്വർഗത്തിൽ പോണം എന്ന് ഇടക്കിക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ സ്വയം സ്വർഗത്തിൽ എത്താനും അനേകം പേരെ സ്വർഗത്തിൽ എത്തിക്കാനും അക്ഷീണം അദ്ദേഹം പരിശ്രമിച്ചു. ചെയ്ത കാര്യങ്ങളിൽ അംഗീകാരം കിട്ടുന്നതോ പ്രശംസ കിട്ടുന്നതോ അദ്ദേഹം ഒരു തരിപോലും ആഗ്രഹിച്ചിട്ടില്ല. സ്വർഗത്തിൽ പോകുന്നതും അനേകരെ സ്വാർഗത്തിൽ കൊണ്ടുപോകുന്നതും മാത്രം ലക്ഷ്യംവെച്ചു. രോഗം മൂർച്ഛിച്ച് അവസാനകാലങ്ങളിൽ പ്രാർത്ഥനയിൽ മാത്രം മുഴുകി. അങ്ങനെ ഇന്ന് അദ്ദേഹം താൻ ലക്ഷ്യം വെച്ച അവസാന ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
ബഹുമാനപ്പെട്ട അച്ചന്റെ വേർപാടിൽ അച്ചന്റെ ആത്മാവിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.