റൂഹാ മൗണ്ട്: കാസ സംഘടനയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ പ്രതി കരണവുമായി സേവ്യർ ഖാൻ വട്ടായിലച്ചൻ. കാസയുടെ പ്രസിഡന്റ് കെവിൻ പീറ്ററിനെ വധിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ പിന്നാലെയാണ് സേവ്യർ ഖാൻ വട്ടായിലച്ചൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
ഒരു ക്രൈസ്തവ സംഘടനയ്ക്കെതിരെയും അതിലെ പ്രവർത്തകർക്കെതിരെയും പരസ്യമായി വധഭീഷണി മുഴക്കാൻ ആരാണ് ഇവർക്കൊക്കെ ധൈര്യം പകരുന്നത്. സമാധാനപരമായ ഈ കേരളത്തിൽ എന്താണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വട്ടായിലച്ചൻ തന്റെ വീഡിയോ സന്ദേശത്തിൽ ആവർത്തിച്ച് ചോദിക്കുന്നു.
കാസയോ കാസയുടെ പ്രസിഡന്റ് കെവിൻ പീറ്ററോ ഒറ്റയ്ക്കല്ല എന്നും നിങ്ങൾ എത്രമാത്രം കാസയ്ക്കെതിരെ പ്രവർത്തിക്കുന്നുവോ അതിലുപരി കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ കാസയ്ക്ക് ചെറുപ്പക്കാർക്കിടയിൽ പിന്തുണയേറുകയാണ് എന്ന് വട്ടായിലച്ചൻ വ്യക്തമാക്കുന്നു. കാസയുടെ പ്രവർത്തകർക്ക് പ്രത്യേക പിന്തുണയും അച്ചൻ തന്റെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. അതുപോലെ കേരളത്തിലെ എല്ലാ ഭാഗത്തുമുള്ള PLR പ്രവർത്തകരുടെ പിന്തുണയും കാസയ്ക്ക് ഉണ്ട് എന്നും വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.
പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഗവൺമെന്റിന്റെ മൂക്കിന് താഴെ കൊലവിളിയും ആക്രോശങ്ങളും ഭീഷണികളും നടക്കുമ്പോൾ ഇവിടുത്തെ നിയമ വ്യവസ്ഥയും നിയമ പാലകരും എന്തുചെയ്യുകയാണെന്നും കയ്യും കെട്ടി നോക്കി നിൽക്കാതെ ഇങ്ങനെയുള്ള അരാജകത്വ അവസ്ഥകൾക്ക് അറുതി വരണമെന്നും ഗവൺമെന്റ് ഇടപെട്ടേ പറ്റൂ എന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ വ്യക്തമാക്കി.