എ.ഡി 552ൽ ഇംഗ്ലണ്ടിൽ ജനിച്ച വിശുദ്ധ എതെല്‍ബെര്‍ട്ട് ആംഗ്ലോ സാക്സൺ രാജവംശത്തിലെ അംഗമായിരുന്നു. കെന്റിലെ രാജാവായ അദ്ദേഹം ഫ്രാങ്കിഷ് രാജാവിന്റെ കൊച്ചുമകൾ ആയിരുന്ന ക്രിസ്തീയ വിശ്വാസിയായ ബർത്തയെ വിവാഹം ചെയ്തു. വിവാഹ ഉടമ്പടി പ്രകാരം മതവിശ്വാസം പിന്തുടരാൻ അനുവദിക്കപ്പെട്ടിരുന്ന ബെർത്ത തന്നോടൊപ്പം അവിടുത്തെ മെത്രാനെയും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നു. ഇതിന്റെ ഫലമായി ഇംഗ്ലണ്ടിൽ അനേകം പള്ളികൾ പണിയപ്പെടുകയും സുവിശേഷപ്രഘോഷണം ആരംഭിക്കുകയും ചെയ്തു.ദൈവഭക്തിയുള്ള ഒരു ക്രിസ്തീയ രാജകുമാരിയായിരുന്ന ബെർത്ത പുരാതന നാളുകളിലെ തിളങ്ങുന്ന ഒരു നക്ഷത്രമായി വിശേഷിപ്പിക്കപ്പെടുന്നു.
മഹാനായ ഗ്രിഗറി പാപ്പ വിശുദ്ധ അഗസ്റ്റിനേയും അദ്ദേഹത്തിന്റെ സുവിശേഷകരേയും ഈ നാട്ടിലേക്ക് അയക്കുകയും അവര്‍ അവിടെ താനെറ്റ് എന്ന ദ്വീപില്‍ കപ്പലിറങ്ങുകയും തങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി എതെല്‍ബെര്‍ട്ടിന്റെ അനുവാദം ചോദിക്കുകയും ചെയ്തു. അല്പം പരിഭ്രമത്തോടെയാണെങ്കിലും അവരെ സ്വീകരിച്ച വിശുദ്ധൻ സുവിശേഷപ്രഘോഷത്തിനുള്ള അനുമതി അവർക്ക് നൽകി. ഇതിന്റെ ഫലമായി പതിനായിരത്തോളം ആളുകൾ ക്രിസ്തുമതം സ്വീകരിച്ചു. ഒടുവിൽ 597ൽ വിശുദ്ധ അഗസ്റ്റിനിൽ നിന്ന് എതെൽബർട്ട് ജ്ഞാനസ്നാനം സ്വീകരിച്ചു. ഒരു പുതിയ മനുഷ്യനായി മാറിയ അദ്ദേഹം തന്റെ അവസാന 20 വർഷക്കാലം ക്രിസ്തുവിനെ തന്റെ പ്രജകളുടെ മനസ്സിൽ പ്രതിഷ്ഠിക്കുക എന്ന ഏക ആഗ്രഹത്തോടെയാണ് ജീവിച്ചത്. വിഗ്രഹാരാധന ഇല്ലായ്മ ചെയ്ത അദ്ദേഹം അനേകം ക്ഷേത്രങ്ങൾ ദേവാലയങ്ങൾ ആക്കി മാറ്റി. എന്നിരുന്നാലും പൂര്‍ണ്ണമനസ്സോടെയുള്ള മതപരിവര്‍ത്തനമാണ് യഥാര്‍ത്ഥ പരിവര്‍ത്തനം എന്നറിയാമായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. തന്റെ രാജകൊട്ടാരം അദ്ദേഹം വിശുദ്ധ അഗസ്റ്റിന് നൽകുകയും അവിടെ ഒരു കത്തീഡ്രൽ ദേവാലയം സ്ഥാപിക്കുകയും ചെയ്തു. ഇംഗ്ലണ്ടിൽ സുവിശേഷപ്രഘോഷണം അഭിവൃദ്ധി പ്രാപിക്കുന്നത് കണ്ട് ഗ്രിഗറി മാർപാപ്പ വിശുദ്ധന് അനേകം സമ്മാനങ്ങൾ നൽകി. 616 ഫെബ്രുവരി 24ന് കാന്റർബറിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/813
https://www.catholic.org/saints/saint.php?saint_id=3190
https://www.newadvent.org/cathen/05553b.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount