റൂഹാ മൗണ്ട്: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാസഭയെയും സിനിമകളിലൂടെയും, നവമാധ്യമങ്ങളിലൂടെയും, ചാനൽ ചർച്ചകളിലൂടെയും നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെയധികം ക്രൈസ്തവ വിശ്വാസികൾ ഇത്തരം അവഹേളനങ്ങൾക്കെതിരെ വളരെ ശക്തമായി പ്രതികരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാസഭയെയും നെഞ്ചോട് ചേർത്തുപിടിക്കുന്നു.
അനുദിനം ഒരു പ്രത്യേകതരം തീവ്രചിന്താഗതിക്കാർ സഭയ്ക്കും ക്രൈസ്തവർക്കുമെതിരെ പ്രവർത്തിക്കുന്നു. അവരുടെ ലക്ഷ്യം കത്തോലിക്കാസഭയെ പൊതുസമൂഹത്തിൽ കരിവാരിത്തേക്കുക എന്നത് തന്നെയാണ്. നല്ലൊരു കൂട്ടം ക്രൈസ്തവർ ഒത്തൊരുമയോടെ തങ്ങളുടെ വിശ്വാസങ്ങളെ ചവിട്ടി മെതിയ്ക്കാൻ ശ്രമിക്കുന്നവരെ സധൈര്യം നേരിട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇവരോടൊപ്പം ചേർന്നുനിന്നു ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാസഭയെയും സംരക്ഷിക്കേണ്ട വൈദികർ അടക്കമുള്ള കുറച്ചുപേർ വിശ്വാസികളെ തളർത്താൻ ശ്രമിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും തീർത്തും അപമാനകരം തന്നെയാണ്.
ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർ ജനാധിപത്യം അനുവദിക്കുന്ന പ്രതിഷേധ മാർഗങ്ങളും സഭ്യമായ ഭാഷയും ഉപയോഗിച്ച് തന്നെയാണ് ഇതുവരെ പ്രതികരിച്ചതും, പ്രതികരിച്ചുകൊണ്ടിരിക്കുന്നതും. അവരെ സപ്പോർട്ട് ചെയ്യേണ്ട ഒരു വൈദികൻ തന്നെ ദിവ്യബലി അർപ്പിക്കപ്പെടുന്ന അൾത്താരയിൽ കയറിനിന്ന് പറയുകയാണ് നിങ്ങൾ ക്രിസംഘികളാണെന്ന്. അച്ചൻ നടത്തിയ ആ പ്രഭാഷണം തീർത്തും തെറ്റുതന്നെയാണ്. തെറ്റുകാണുമ്പോൾ തെറ്റാണെന്നുതന്നെ ചൂണ്ടിക്കാണിക്കേണ്ടതും ഒരു ക്രൈസ്തവന്റെ ഉത്തവാദിത്വമാണ്. അല്ലാതെ വിശ്വാസത്തെ അവഹേളിക്കുബോൾ കത്തോലിക്കാസഭ പൊതുസമൂഹത്തിൽ ചവിട്ടിമെതിയ്ക്കപ്പെടുമ്പോൾ ക്ഷമയുടെ സന്ദേശം പറഞ്ഞ് ഒന്നും മിണ്ടാതിരിക്കുകയല്ല വേണ്ടത്. ഇന്നത്തെ സാഹചര്യത്തിൽ അത് ധാർമ്മികത അല്ല. അത് തെറ്റാണ്. കത്തോലിക്കാസഭയെ നാശത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്.
ക്രൈസ്തവരുടെ നിശബ്ദത ക്രൈസ്തവനെ ഇല്ലാതാക്കുകയെ ചെയ്യുകയുള്ളൂ. അതിനെ മുതലെടുത്ത് ഒരുകൂട്ടം തീവ്രചിന്താഗതിക്കാർ പ്രവർത്തിക്കും. അവർ അവരുടെ അജണ്ട നടപ്പിലാക്കും. ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടത് ക്രൈസ്തവരുടെ നിലനിൽപ്പിനുതന്നെ ആവശ്യമാണ്.
തിരുത്തേണ്ടവ തിരുത്തപ്പെടുകതന്നെ വേണം. UNITY IS STRENGTH അതായിരിക്കട്ടെ ഇക്കാര്യത്തിൽ ക്രൈസ്തവന്റെ നിലപാട്.