റൂഹാ മൗണ്ട്: നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തില്‍ 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും, കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നതും, ഈ വര്‍ഷം ആദ്യത്തില്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ഹൌസാ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്.