പാലക്കാട്: ഭക്ഷണം കഴിക്കാതെ നിലനിൽക്കാൻ മനുഷ്യന് സാധ്യമല്ല. ജീവന്റെ നിലനിൽപിന് ആഹാരം അത്യന്താപേക്ഷിതമാണ്. അതിനായുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ കർഷകർ വേണം. പക്ഷെ ആ കർഷകരുടെ ജീവന് ഇന്ന് എന്തുവില? ഓരോ അരിമണിക്കുപിന്നിലും കർഷകരുടെ കഷ്ടപ്പാടിന്റെ നിർവചിക്കാനാവാത്ത വിലയുണ്ട് എന്ന യാഥാർഥ്യം നാം മറക്കരുത്.
വയനാട്ടിൽ ഇന്നലെയും ഒരു കർഷകൻ ജീവനൊടുക്കിയിരിക്കുന്നു. എന്തിനെന്നോ? കൃഷി നശിച്ചതിന്റെ പേരിൽ. കൃഷി നശിച്ചതിന്റെ പേരിൽ കർഷകൻ ജീവൻ കളയണോ എന്ന് ചിന്തിക്കുന്നവരുണ്ട്. ആ നാശം സംഭവിച്ച കൃഷി ചെയ്യാൻ ആ കർഷകൻ ബാങ്കിൽ നിന്നും വായ്പ എടുത്തത് ലക്ഷങ്ങളാണ്. ആ കൃഷി വിളവെടുത്തിട്ടുവേണം ആ കടംതീർക്കാൻ എന്ന മനക്കോട്ട കെട്ടി തന്റെ സ്വപ്നങ്ങളെല്ലാം ആ കൃഷിയിൽ അർപ്പിച്ച് വന്ന ഒരു കർഷകന്റെ ജീവിതം തകർത്തത് ഈ വേനൽ മഴയാണ്.
വയനാട് ചെന്നലോട് സ്വദേശി പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യയാണ് കഴിഞ്ഞ ദിവസം വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. കടുത്ത വേനൽ മഴയിലും കാറ്റിലും കൃഷി ചെയ്തിരുന്ന വാഴകൾ നശിക്കുകയും ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ കൃഷിക്ക് വേണ്ടി അദ്ദേഹം 15 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ നിന്നും കടമെടുത്തത്. ഈ കൃഷി വിളവെടുത്തിട്ട് ആ കടംതീർക്കാം എന്നുള്ള പ്രതീക്ഷകൾ നശിച്ചു. കർഷകനെ സംരക്ഷിക്കാൻ യാതൊരു നിയമവും എല്ലാ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കടം വീട്ടിയില്ലെങ്കിൽ എല്ലാം ജപ്തി ചെയ്തുപോകും എന്ന ചിന്ത അദ്ദേഹത്തെ വേട്ടയാടിയിരിക്കാം. ആത്മഹത്യയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ മുൻപിൽ ഉണ്ടായിരുന്നില്ല.
ഇത്തരം സാഹചര്യത്തിൽ കർഷകനെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. കർഷകനുവേണ്ടി അവന്റെ ജീവനുവിലനൽകുന്ന നിയമങ്ങൾ ഉണ്ടാകണം. ഈ ഭൂമിയുടെ നിലനിൽപുപോലും കർഷകന്റെ കയ്യിൽ ആണെന്ന് നാം മറക്കരുത്.