റൂഹാ മൗണ്ട്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയനും ഗുരുഗ്രാം ബിഷപ്പുമായ ജേക്കബ് മാർ ബർണബാസ് പിതാവ് ദൈവസന്നിധിയിലേയ്ക്ക് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2007 ൽ മലങ്കര സുറിയാനി കത്തോലിക്കാ അജപാലന പ്രദേശ പരിധിക്ക് പുറത്തുള്ളവരുടെ അപ്പസ്തോലിക് വിസിറ്റർ ആയി നിയമിക്കപ്പെട്ട അഭിവന്ദ്യ പിതാവ് 2015 ൽ ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പ്രഥമ അദ്ധ്യക്ഷനായി നിയമിതനാവുകയും തുടർന്ന് ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേൽക്കുകയും ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം തന്നെ മാറ്റിവെച്ച അഭിവന്ദ്യ പിതാവ് തന്റെ അജപാലന ശുശ്രൂഷാ ജീവിതത്തിനിടയിൽ തെരുവിൽക്കഴിയേണ്ടി വന്ന നൂറുകണക്കിന് സാധുക്കൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. തനിക്ക് ഭരമേല്പിക്കപ്പെട്ടിരുന്ന അജപാലനദൗത്യം ഏറ്റവും ദൈവാനുഗ്രഹത്തോടെയും അതോടൊപ്പം സാധുക്കൾക്ക് അഭയമായും തന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റവും അനുഗ്രഹപ്രദമായി പൂർത്തിയാക്കി ദൈവസന്നിധിയിലേയ്ക്ക് യാത്രയായ പിതാവിനുവേണ്ടി പ്രാർത്ഥിക്കാം. അഭിവന്ദ്യ പിതാവിന്റെ വേർപാടിൽ Anointing Fire Catholic Ministries (AFCM) അനുശോചനങ്ങൾ രേഖപ്പെടുത്തി.