റൂഹാ മൗണ്ട്: AFCM UK ശുശ്രൂഷകരായ രാജു – ജെസി ദമ്പതികളിൽ ജെസി ചേച്ചിയുടെ അമ്മ ചിന്നമ്മ ജോസഫ് പുതുവീട്ടിൽ (93) നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും 2009 ൽ UK യിൽ ദൈവരാജ്യ ശുശ്രൂഷകൾക്കായി എത്തുമ്പോൾ ശുശ്രൂഷയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത കുടുംബം. പിന്നീടുള്ള കാലം UK യിൽ AFCM ശുശ്രൂഷകൾ വ്യാപിച്ചപ്പോൾ അതിനെല്ലാം മുന്നിൽ നിൽക്കുവാനും ശുശ്രൂഷയ്ക്കുവേണ്ടി എന്ത് ത്യാഗം സഹിക്കുവാനും കുടുംബം ഒന്നിച്ച് മുന്നിട്ടിറങ്ങിയവരാണ് രാജു ചേട്ടനും ജെസി ചേച്ചിയും. ഇന്നും അവർ ദൈവരാജ്യത്തിനുവേണ്ടി ശക്തമായി ഉറച്ചു നിൽക്കുന്നു.
UK യിലെ AFCM ശുശ്രൂഷകൾക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കുന്നതിനും മധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുക്കുന്നതിനും ഇവർ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു. കൂടാതെ കൺവെൻഷൻ ശുശ്രൂഷകൾ നടക്കുമ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകളെ ഒരുമിച്ച് ചേർത്ത് വാഹന സൗകര്യം ഒരുക്കി ആളുകളെ കൺവെൻഷനുകളിൽ പങ്കെടുപ്പിക്കാനും അതുവഴി ദൈവരാജ്യത്തിന്റെ വളർച്ചക്കായും കുടുംബം ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കൂടാതെ കുട്ടികൾക്കുവേണ്ടിയുള്ള ശുശ്രൂഷകൾ സംഘടിപ്പിക്കുന്നതിനും അവർക്കിടയിൽ പ്രവർത്തിക്കുന്നതിനും പ്രത്യേക താല്പര്യത്തോടെ ഈ കുടുംബം പ്രവർത്തിക്കുന്നു. കൂടാതെ UK യിലെ മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് AFCM ന്റെ ശുശ്രൂഷകൾ സംഘടിപ്പിക്കുവാനും ശുശ്രൂഷ ചെയ്യുവാനും ഈ കുടുബം തീക്ഷ്ണമായി പ്രവർത്തിച്ചുവരുന്നു.
അതുപോലെ തന്നെ വട്ടായിലച്ചന്റെ എല്ലാ ശുശ്രൂഷകളിലും തുടക്കം മുതൽ അവസാനം വരെ ശുശ്രൂഷ ടീം UK യിൽ എത്തുന്നതുമുതൽ ശുശ്രൂഷ കഴിഞ്ഞ് തിരികെ വരുന്നതുവരെയുള്ള സകല കാര്യങ്ങളിലും രാപകൽ ഇല്ലാതെ ഇവർ സഹായിച്ചുവരുന്നു. കൂടാതെ ഇവരുടെ മക്കൾ യുവജനങ്ങൾക്കുവേണ്ടിയുള്ള ശുശ്രൂഷകൾക്കായി മുൻകൈയെടുക്കുകയും യുവജനങ്ങൾക്കിടയിൽ ദൈവരാജ്യ ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു.
ദൈവരാജ്യത്തിനുവേണ്ടി ഇത്രയും തീക്ഷ്ണതയോടെ പ്രവർത്തിക്കാൻ ഇവർക്ക് മാതൃക നൽകിയത് ഇവരുടെ മാതാപിതാക്കളാണ്. അവരിലൂടെ ലഭിച്ച ശുശ്രൂഷയുടെ കൃപകൾ കൂടുതൽ ജ്വലിപ്പിച്ച് മുന്നോട്ടുപോകുന്ന കുടുംബമാണ് രാജു ചേട്ടന്റെയും ജെസി ചേച്ചിയുടെയും കുടുംബം. ഇന്ന് ജെസി ചേച്ചിയുടെ അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ദൈവസന്നിധിയിൽ ആയിരിക്കുന്ന അമ്മയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. അമ്മയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം അട്ടപ്പാടി സെഹിയോൻ കുടുംബവും, PDM സന്യാസ സമൂഹവും, ASJM സിസ്റ്റേഴ്സും, ലോകം മുഴുവനുമുള്ള AFCM ശുശ്രൂഷകരും പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2023 ജൂൺ 24 ശനി) ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് ചാഞ്ഞോടി സെന്റ് സെബാസ്ററ്യൻസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും അമ്മച്ചിയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും കോട്ടമുറി ഭാഗത്തും അതിന്റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ AFCM കുടുംബാംഗങ്ങളും കഴിയുന്ന വിധത്തിൽ എത്തണമെന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും അഭ്യർത്ഥിച്ചു.