റൂഹാ മൗണ്ട്: ചൈനയിൽ ഭരണകൂടം നടത്തുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചൈന എയിഡ്’ ഫെബ്രുവരി 14-ന് പുറത്തുവിട്ട 63 പേജുകളുള്ള ‘2022-ലെ വാര്‍ഷിക മതപീഡന റിപ്പോര്‍ട്ട്’ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വർഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ക്രൈസ്തവർക്കുനേരെയും ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെയും കടുത്ത ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ അടിച്ചമർത്തി അതിനെ ചൈനയുടെ സംസ്കാരവും ഭാഷയുമായി കൂട്ടിക്കലർത്താനാണ് ചൈനയുടെ ശ്രമം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ സഭാധികാരികളെയും വിശ്വാസികളെയും അന്യായമായി അറസ്റ്റ് ചെയ്യുന്നതിനും തടവിലാക്കുന്നതിനുമായി വ്യാജ കേസുകൾ കെട്ടിച്ചമക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ദിവ്യകാരുണ്യ ആരാധനയും, മാമ്മോദീസയും, തീര്‍ത്ഥാടനങ്ങളും, സഭയുടെ ഓണ്‍ലൈന്‍ സേവനങ്ങളും സര്‍ക്കാര്‍ അധികാരികള്‍ മനപ്പൂർവ്വം തടസപ്പെടുത്തുകയും ഓൺലൈൻ പ്രവർത്തനങ്ങൾക്ക് തടയിടുവാൻ പ്രത്യേക നിയമം വരെ ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദേശങ്ങളിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട് നിരസിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ ക്രൈസ്തവർക്ക് യാതൊരു തരത്തിലും ജീവിക്കാനാവാത്ത സ്ഥിതിയിലേയ്ക്ക് ആണ് ചൈനയിലെ സർക്കാരിന്റെ ക്രൂരമായ പ്രവർത്തനങ്ങൾ എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.