വൈദികനും ശാസ്ത്രജ്ഞനുമായ ഗ്രിഗർ മെൻഡൽ 1822 ജൂലൈ 20 ഓസ്ട്രിയയിൽ ജനിച്ചു. തന്റെ വൈദിക ജീവിതത്തോടൊപ്പം അദ്ദേഹം ശാസ്ത്ര ലോകത്തിന് അതുല്യ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ അദ്ദേഹത്തെ ജനിതക ശാസ്ത്രത്തിന്റ പിതാവാക്കി. പയറുചെടികളിൽ അദ്ദേഹം പരീക്ഷണങ്ങൾ നടത്തുകയും ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തി. ഇത് സംബന്ധിച്ച നിയമങ്ങളെ “മെൻഡലീയ നിയമങ്ങൾ”(Mendelian Laws) എന്നാണ് അറിയപ്പെടുന്നത്.
ആന്റൻ മെൻഡലിന്റെയും റോസീൻ മെൻഡലിന്റെയും മകനായി കത്തോലിക്കാ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്ന ഒരു കർഷക കുടുംബത്തിൽ ജനിച്ച ഗ്രിഗർ മെൻഡൽ നല്ല അച്ചടക്കത്തിൽ കഠിനാധ്വാനം ചെയ്ത് ജീവിച്ചു. ഒരു വൈദികനാകാൻ താല്പര്യം കാണിച്ച അദ്ദേഹം അഗസ്റ്റീനിയൻ ആശ്രമത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു.
1843-ൽ തന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിൽ സെന്റ് തോമസ് അഗസ്റ്റീനിയൻ ആശ്രമത്തില്‍ ചേർന്ന അദ്ദേഹം ഗ്രിഗോർ എന്ന ഔദ്യോഗിക നാമവും സ്വീകരിച്ചു. കൃഷിയോട് താല്പര്യം കാണിച്ച അദ്ദേഹം വൈദികപഠനത്തോടൊപ്പം കൃഷി പഠനവും നടത്തി. അദ്ദേഹത്തിന്റെ പഠനത്തോടുള്ള കഴിവും താല്പര്യവും പരിഗണിച്ച് ആശ്രമത്തിന്റെ അധികൃതർ അദ്ദേഹത്തെ രണ്ടു വർഷത്തെ (1851-53) ഉപരി പഠനത്തിനയച്ചു. ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിത തത്ത്വശാസ്ത്രം, സസ്യശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം എന്നിവയിൽ അദ്ദേഹം പരിശീലനം നേടി. അതോടൊപ്പം തന്റെ പരീക്ഷണങ്ങളിലൂടെ മുന്തിയ തരം പഴവർഗ്ഗങ്ങളും പച്ചക്കറികളും അദ്ദേഹം വികസിപ്പിച്ചെടുത്തു.
തന്റെ വൈദികജീവിതത്തോടൊപ്പം അദ്ദേഹം കൃഷിത്തോട്ടത്തിൽ നിരന്തരം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും വിജയിച്ചു. അദ്ദേഹത്തെ ജനിതകശാത്രത്തിന്റെ പിതാവാക്കിയ പയറുചെടികളിലെ പരീക്ഷണം ഒൻപതു (1854-1863) വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു.
അദ്ദേഹത്തെ ഉയരങ്ങളിലേക്കെത്തിച്ച അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ അക്കാലത്ത് ഒട്ടനവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. 1865 ഫെബ്രുവരി 8 ന് ബൺ പ്രകൃതി സമിതിയുടെ ശൈത്യകാല സമ്മേളനത്തിലാണ് ഫാ. ഗ്രിഗർ മെൻഡൽ തന്റെ പഠന റിപ്പോർട്ട് ആദ്യം അവതരിപ്പിച്ചത്. ഫാ. മെൻഡൽ അന്നത്തെ 39 പ്രശസ്ത ശാസ്ത്രജ്ഞന്മാർക്ക് തന്റെ പ്രബന്ധത്തിന്റെ പതിപ്പുകൾ അയച്ചു കൊടുക്കുകയും വളരെ വൈകി മ്യൂണിച്ച് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന നഗിലിയുടെ ഒരു മറുപടി ലഭിക്കുകയും ചെയ്തു.
പക്ഷേ അദ്ദേഹത്തിന്റെ പ്രബന്ധത്തിന് കാലങ്ങളോളം അവഗണന നേരിടേണ്ടി വന്നു. എന്നാൽ 1865-ൽ ഡീവീസ്, കോറൻസ്, ഷെർമാർക്ക് എന്നീ മൂന്ന് ശാസ്ത്രകാരന്മാർ അപ്രതീക്ഷിതമായി പരസ്പരം യാതൊരു ചർച്ചകളുമില്ലാതെ ലോകത്തിന്റെ പലഭാഗത്തിരുന്ന് അതിന്റെ പ്രസക്തി മനസ്സിലാക്കി. അങ്ങനെ ഫാ. ഗ്രിഗർ മെൻഡലിന്റെ കണ്ടുപിടുത്തങ്ങൾ ജീവശാസ്ത്രത്തിന്റെ സുപ്രധാന ഭാഗമായിത്തീർന്നു.