റൂഹാ മൗണ്ട്: അമേരിക്കയിൽ മനുഷ്യജീവനുവേണ്ടി ശബ്ദമുയർത്തിയവരുടെ വിജയമാണ് അമേരിക്കയിലെ ടെക്‌സാസിൽ നിലവിൽ വന്ന പ്രോലൈഫ് നിയമമെന്ന് അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ പ്രതികരിച്ചു. അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമമാണ് ടെക്‌സാസ് സംസ്ഥാനത്ത് നിലവിൽ വന്നിരിക്കുന്നത്. 2021 സെപ്റ്റംബർ ഒന്നാം തിയതി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഗർഭിണിയായ ശേഷം ഏകദേശം ആറ് ആഴ്ചകൾക്ക് ശേഷം ഇനി ടെക്‌സാസ് സംസ്ഥാനത്ത് ഭ്രൂണഹത്യ അനുവദിക്കില്ല. ഇതുവഴി ഒട്ടനവധി മനുഷ്യജീവനുകളാണ് സംരക്ഷിക്കപ്പെടുക. ഈ നിയമം തടയണമെന്നാവശ്യപ്പെട്ട് ഭ്രൂണഹത്യ അനുകൂല സംഘടനകൾ കോടതിയെ സമീപിച്ചെങ്കിലും വാദം കേൾക്കാൻ കോടതി തയ്യാറായില്ല.
ഇങ്ങനൊരു നിയമം നിലവിൽ വന്നതിന്റെ ആഹ്ളാദത്തിലാണ് അമേരിക്കയിലെ കത്തോലിക്കാസഭയും പ്രോലൈഫ് സംഘടനകളും. ഈ നിയമം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുവാനും സാധിക്കും എന്നത് വളരെ ശ്രദ്ധേയമാണ്. ഹൃദയമിടിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം അവതരിപ്പിച്ച ബ്രയാൻ ഹഗ്സ് എന്ന സെനറ്റർ അതിനെ ടെക്സാസ് ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം എന്നാണ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം ഏകദേശം 54000 ഗർഭസ്ഥശിശുക്കളാണ് അമ്മയുടെ ഉദരത്തിൽവെച്ച് കൊലചെയ്യപ്പെട്ടത്. ഇതിൽ 85 ശതമാനവും 6 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുക്കളാണ് എന്നുള്ളതാണ് വേദനിപ്പിക്കുന്ന കാര്യം. ഇന്ത്യ അടക്കമുള്ള പലരാജ്യങ്ങളും ഇത് കണ്ടുപഠിക്കണമെന്നും, 24 ആഴ്ചവരെയുള്ള ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യ നടത്താം എന്നുള്ള നിയമങ്ങൾ പൊളിച്ചെഴുതണമെന്നും ഭരണാധികാരികൾ ഈ കാര്യങ്ങളിൽ കണ്ണുതുറക്കണമെന്നും വട്ടായിലച്ചൻ വ്യക്തമാക്കി. തിന്മ നിറഞ്ഞ ഇത്തരത്തിലുള്ള സംവിധാനങ്ങളും നിയമങ്ങളും സമൂഹത്തിൽ ഉണ്ടാകുമ്പോൾ സധൈര്യം ജനം പ്രതികരിക്കണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.