റൂഹാ മൗണ്ട്: അഫ്ഗാനിസ്ഥാനിൽ ഇനി താലിബാൻ ഭരണം. ആ ഭരണ ഭീകരത ഭയപ്പെട്ട് ജനം നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. കാബൂളിലെ വിമാനത്താവളത്തിലെ ആ കാഴ്ച മാത്രം കണ്ടാൽ പോരെ, ജനത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കാൻ. തങ്ങൾക്ക് സ്വന്തമായവയെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് യു എസ് എയർഫോഴ്‌സിന്റെ വിമാനത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്ന ജനക്കൂട്ടം. ആ കാഴ്ചയാണ് നാം എല്ലാ ചാനലുകളിലും മാറിമാറിക്കണ്ടത്. വിമാനത്തിന്റെ ടയറിൽ വരെ കയറി രക്ഷപെടാൻ ജനം ശ്രമിച്ചു. പലരും പിടിവിട്ട് താഴെവീണ് മരണപ്പെട്ടു.
എന്തുകൊണ്ടാണ് താലിബാനെ ജനം ഇത്രയധികം ഭയപ്പെട്ടത്. ഒരു കാരണവുമില്ലാതെയാണോ, അല്ലല്ലോ. ജനം ജീവനുംകൊണ്ട് ഓടിയിട്ടുണ്ടേൽ അതിനൊരു കാരണമുണ്ട്. എന്തിനുപറയുന്നു ഇസ്ലാം മതത്തിൽപ്പെട്ടവർ പോലും അവിടെ നിന്ന് ഓടി രക്ഷപെടുന്നു. അത് മറ്റൊന്നും കൊണ്ടല്ലലോ അവരുടെ തീവ്രവാദത്തെ ഭയപ്പെട്ട് മാത്രമാണ്. ചില പ്രത്യേക താല്പര്യങ്ങൾക്കുവേണ്ടി ഇസ്ലാമിക തീവ്ര ചിന്താഗതിക്കാരായ അവർ കാണിച്ചുകൂട്ടുന്നത് നമ്മൾ സോഷ്യൽ മീഡിയകളിൽ എത്രവട്ടം കണ്ടു. എന്നിട്ടും കേരളത്തിൽ ഇരുന്ന് ചിലർ പറയുകയാണ് താലിബാന്റെ ലക്‌ഷ്യം സമാധാനപരമായ ഭരണമാണ് എന്ന്.
തീവ്രവാദവും പീഢനവും കൊലപാതകവുമാണോ താലിബാൻ സമാധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാം മത വിശ്വാസികൾപോലും താലിബാനെ ഇത്രയധികം ഭയപ്പെടുമ്പോൾ തീവ്രവാദികൾ ശത്രുക്കളായി മാത്രം കാണുന്ന അവിടുത്തെ ക്രൈസ്തവരുടെ അവസ്ഥ എന്തായിരിക്കും?. ആ രാജ്യത്ത് രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ക്രൈസ്തവർ ആകെയുള്ളത്. അവിടെയുള്ള മുസ്ലീങ്ങൾ പോലും നാടുവിടുമ്പോൾ ക്രൈസ്തവരുടെ കാര്യം പറയേണ്ടതുണ്ടോ?.
ഇത്രയധികം ഭീകരതയാണ് താലിബാന്റേതെന്ന് ഏതൊരു കൊച്ചുകുഞ്ഞിനും അറിയാം. എന്നിട്ടും കേരളത്തിൽ ഇരുന്നു പലരും താലിബാനെ ന്യായീകരിക്കുന്നു. എത്ര ലാഘവത്തോടെയാണ് താലിബാനെ ന്യായീകരിച്ച് വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഇതെല്ലാം കേട്ട് കയ്യുംകെട്ടി നോക്കിയിരുന്നാൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ഇനിയെങ്കിലും കേരള ജനത മനസിലാക്കണം. കാരണം കേരളത്തിനിത് തുടർച്ചയായ മറ്റൊരു മുന്നറിയിപ്പാണ്. മുൻ DGP പോലും പരസ്യമായി കേരളത്തിൽ തീവ്രവാദികൾ ഉണ്ടെന്ന് തുറന്നുസമ്മതിച്ചതാണ്. എന്നിട്ടും തീവ്രവാദികളെ ന്യായീകരിക്കുന്ന കേരളീയരുണ്ട്. അഫ്ഗാനിസ്ഥാനിലെ സംഭവം കേരളത്തിന് വീണ്ടുമൊരു മുന്നറിയിപ്പാണ്. ഇനിയെങ്കിലും തീവ്രവാദത്തിനെതിരെ ഒന്നിച്ച് ഒറ്റക്കെട്ടായ് ശബ്ദമുയർത്തണം. കാരണം സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു.