റൂഹാ മൗണ്ട്: കൊച്ചി രൂപതയുടെ കീഴിലുള്ള ആലപ്പുഴ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍. മാർച്ച് 28 രാത്രിയിൽ പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള ചാപ്പലിലാണ് ആക്രമണം നടന്നത്. ഒരു മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ലായെന്നും എല്ലാ കത്തോലിക്ക വിശ്വാസികൾക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയിൽ നടന്ന നിന്ദ്യമായ പ്രസ്തുത സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും കൊച്ചി രൂപത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അക്രമ സംഭവത്തെ വിശുദ്ധ കുര്‍ബാനയെ നിന്ദിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതായാണ് കാണുന്നതെന്ന് കൊച്ചി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍ പറഞ്ഞു.
ഒരു മോഷണ ശ്രമമാണെന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടിയാകണം നേര്‍ച്ചപ്പെട്ടി ചതുപ്പില്‍ കൊണ്ടുപോയി ഇട്ടിട്ടുണ്ട്. നൂറു രൂപ പോലും അതില്‍ ഉണ്ടാകാനിടയില്ല. പാവപ്പെട്ടവരുടെ ഏരിയയാണ് അത്. അതിനാല്‍ തന്നെ വിശുദ്ധ കുര്‍ബാനയെ നിന്ദിക്കുക എന്ന ലക്ഷ്യമാണ് അക്രമികള്‍ മുന്പില്‍ കണ്ടിട്ടുണ്ടാകുക. ആര് ചെയ്തുവെന്ന് തങ്ങള്‍ക്ക് അറിയില്ല. പോലീസ് സംഭവ സ്ഥലത്തെത്തി. അവരുടെ അനുവാദത്തോടെയാണ് തിരുവോസ്തിയും മറ്റ് വസ്തുക്കളും ചതുപ്പില്‍ നിന്ന് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. ഇത്ര നിന്ദ്യമായ സംഭവം ഇനി ഉണ്ടാകാതിരിക്കുവാനായി പോലീസ് കര്‍ശനമായ നടപടിയെടുക്കണമെന്നും വിഷയത്തില്‍ ഉദാസീനത കാണിക്കരുതെന്നും ഡോ. ജോസഫ് കരിയില്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനത്തിന്റെ പശ്ചാത്തലത്തില്‍ മാർച്ച് 29 പാപ പരിഹാര ദിനമായി ആചരിച്ചു. അതേസമയം കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന സാത്താന്‍ സേവകര്‍ അര്‍പ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. തിരുവോസ്തി വലിച്ചെറിയപ്പെട്ട നിലയിലാണ് കണ്ടെത്തിയതെങ്കിലും ഇവയില്‍ ഏതാനും തിരുവോസ്തി അക്രമികള്‍ കൊണ്ടുപോയിട്ടുണ്ടാകുമോ എന്ന ആശങ്കാജനകമായ ചോദ്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ പോലീസ് അടിയന്തരമായി പ്രതികളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.