അട്ടപ്പാടി: 1998 ഏപ്രിൽ 28 ന് അട്ടപ്പാടിയിൽ ആരംഭിച്ച സെഹിയോൻ ധ്യാനകേന്ദ്രം ഇന്ന് ഇരുപത്തിയഞ്ചാം വാർഷികനിറവിൽ എത്തിനിൽക്കുന്നു. ഇരുപത്തിയഞ്ചാം വാർഷികദിനവും നാലാം വെള്ളി ശുശ്രൂഷയും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് (2023 ഏപ്രിൽ 28) നടത്തപ്പെട്ടു.
രാവിലെ 08:00 മണിയ്ക്ക് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ആന്റണി നെടുംപുറത്ത് അച്ചൻ സെഹിയോന്റെ ആരംഭവും വളർച്ചയും ദൈവജനത്തിന് പരിചയപ്പെടുത്തി. തുടർന്ന് ദൈവസ്തുതിപ്പ് ശുശ്രൂഷ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
തുടർന്ന് പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ ബലിയർപ്പണം നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും, താവളം ഫൊറോന വികാരി ബഹുമാനപ്പെട്ട ജോമിസ് കൊടകശ്ശേരിൽ അച്ചനും, സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും, ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും സഹകാർമികരായി. കൂടാതെ താവളം ഫൊറോനയുടെ കീഴിലുള്ള എല്ലാ ഇടവക വൈദികരും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കൃതജ്ഞതാ ബലി അർപ്പിച്ച് പ്രാർത്ഥിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ആരാധന ശുശ്രൂഷ നടത്തപ്പെട്ടു. ആരാധന ശുശ്രൂഷയ്ക്ക് ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും, ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും നേതൃത്വം നൽകി. അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകി. ഉച്ചയ്ക്ക് 02:00 മണിയോടെ പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. തുടർന്ന് ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു. ഇരുപത്തിയഞ്ചാം വാർഷികദിനത്തിലും നാലാം വെള്ളി ശുശ്രൂഷയിലും പങ്കെടുക്കുന്നതിനായി അനേകം ദൈവമക്കൾ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തി ദൈവത്തിന് നന്ദി അർപ്പിച്ച് പ്രാർത്ഥിച്ചു.