റൂഹാ മൗണ്ട്: രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനകൾ തീർത്തും പ്രതിഷേധാർഹമാണെന്ന് സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാവിരുദ്ധമാണെന്നും സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കു വീതിക്കണമെന്നും ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിൻമേൽ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജിയും ബഹു. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഈ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നു. ആദ്യം സർക്കാർ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കു വീതിക്കണമെന്ന ആശയത്തിലേക്ക് വന്നിരുന്നെങ്കിലും പിന്നീട് ചുവടുമാറി. ഇത് ചില തീവ്രചിന്താഗതി നിലനിർത്തുന്ന സമുദായത്തിന്റെ സമ്മർദ്ദം മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്രയും കാലം ഈ കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ വേർതിരിവുകൾ കാണിക്കുകയാണ് സർക്കാർ ചെയ്തിരുന്നത്. ഇത് ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷതത്വങ്ങള്‍ക്കു വിരുദ്ധമാണെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കാതെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നു. അർഹതപ്പെട്ടവർക്ക് സ്കോളർഷിപ്പുകൾ നൽകാതെ ഒരു സമുദായത്തിനുവേണ്ടി മാത്രം കൊടുക്കുന്ന ഈ സമ്പ്രദായം ആരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാകേണ്ട സംസ്ഥാന സര്‍ക്കാര്‍, ബഹു. ഹൈക്കോടതിയുടെ 24355/2020 വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. നിയമവേദികളില്‍ സര്‍ക്കാര്‍ നിലപാടുകളെടുക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും സമഭാവനയോടെ കണക്കിലെടുക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സഹകരിച്ചു മുന്നോട്ടു പോകുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു.