വചനഭാഗം: 1 കോറി 12: 1-11
മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ : നമുക്കെല്ലാവർക്കും സ്നേഹത്തോടും സന്തോഷത്തോടുംകൂടി കർത്താവേ അങ്ങേ വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാം. ജീവിതപ്രതിസന്ധികളിൽ ശരിയും തെറ്റും വിവേചിച്ചറിയാനും, ശരിയായവ തെരഞ്ഞെടുക്കാനും ഈ പരിശുദ്ധാത്മ ദാനം നമ്മെ സഹായിക്കുന്നു. ക്രിസ്തീയ വിശ്വാസികൾ എന്ന നിലയിൽ നമ്മൾ ആയിരിക്കുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും ദൈവം ആഗ്രഹിക്കുന്നവ വിവേചിച്ചറിഞ്ഞ് ജീവിക്കാൻ നമുക്ക് സാധിക്കുന്നു. രക്ഷയിലേക്കുള്ള ഈ ജീവിതയാത്രയിൽ, അമൂല്യമായ നിധിയാണ് വിവേകം. എല്ലാറ്റിലും ഉപരി ദൈവം നയിക്കുന്ന സത്യത്തിന്റെ പാതയിൽ ചരിക്കാൻ ഇതു നമ്മെ യോഗ്യരാക്കുന്നു.
സമൂഹം : കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
1. ദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഞങ്ങൾ അങ്ങ് ദാനമായി നൽകിയ ബുദ്ധിയും കഴിവുകളും അങ്ങയുടെ ഹിതമനുസരിച്ചു മാത്രം വിനിയോഗിക്കാനായി,
സമൂഹം : കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
2. ദൈവമേ, അങ്ങേ ആത്മാവിന്റെ അനുഗ്രഹങ്ങളാലും വരങ്ങളാലും അങ്ങു സഭയെ സമ്പന്നമാക്കുന്നുവല്ലോ. സ്നേഹത്തിൽ വേരൂന്നി വിശുദ്ധിയിൽ സഭയോടു ചേർന്ന് നിൽക്കുവാനും സഭയെ പടുത്തുയർത്തുവാനുമായി,
സമൂഹം : കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
3. ദൈവമേ, അനുദിന ജീവിതത്തിൽ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അങ്ങയുടെ ഇഷ്ടം മാത്രം അന്വേഷിക്കുവാനും അതു നിറവേറ്റാനുമായി,
സമൂഹം : കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
4. ചെന്നായ്ക്കളുടെ ഇടയിൽ കുഞ്ഞാടുകൾ എന്നപോലെ ഞങ്ങൾ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ വിവേകത്തോടെ നേരിടാനായി,
സമൂഹം : കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
5. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
സമാപനപ്രാർത്ഥന
ദൈവമേ, പരിശുദ്ധാത്മ ഫലമായ സമാധാനം തരണമേ… അനുദിന ജീവിതത്തിലെ പ്രതിസന്ധികളിൽ ആകുലപ്പെടാതെ അസ്വസ്ഥരാകാതെ എല്ലാ ശാന്തതയോടെ നേരിടാൻ ഞങ്ങളെ സഹായിക്കണമേ. ഞെരുക്കങ്ങളിലും മറ്റുള്ളവർ മൂലം ഉണ്ടാകുന്ന വിഷമങ്ങളിലും സമചിത്തത വെടിയാതെ സമാധാനത്തോടെ വർത്തിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു,
സമൂഹം : ആമേൻ