ലീഡർ : നമ്മുടെ പൂർവ്വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം നിറവേറ്റിയ ദൈവത്തോടുള്ള വിശ്വസ്ഥതയിൽ അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് ദൈവഭയത്തിൽ ജീവിക്കുന്നതിനും അതുവഴി പ്രകാശത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകുന്നതിനുമായി നമുക്കു പ്രാർത്ഥിക്കാം. പാപത്തെ വെറുത്തുപേക്ഷിക്കാനും പാപം ചെയ്തു ദൈവത്തെ വേദനിപ്പിക്കാതിരിക്കാനും ദൈവഭയം നമ്മെ സഹായിക്കുന്നു. നരകത്തെക്കുറിച്ച് ഭയപ്പെടാനല്ല മറിച്ച്, നമുക്ക് ദൈവപിതാവിനോടുള്ള സ്നേഹവും, ആദരവും, വിധേയത്വവും പ്രകടമാക്കാൻ ഈ പരിശുദ്ധാത്മദാനം നമ്മെ ശക്തരാക്കുന്നു. ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ലോകമോഹങ്ങൾ ഒരിക്കലും നമ്മെ കീഴ്പ്പെടുത്താതെ നാം ദൈവപിതാവിന്റെ സ്നേഹവലയത്തിലാകുന്നു. ദൈവദൃഷ്ടിയിൽ സ്വീകാര്യമായവരുടെ ആത്മാക്കളെ അവിടുന്ന് അനുദിനം ശുദ്ധീകരിക്കുന്നു,
സമൂഹം: അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
1. തിരുരക്തത്താൽ ഞങ്ങളെ വീണ്ടെടുത്ത, പരിശുദ്ധ അമ്മയുടെ പ്രിയപുത്രനായ മിശിഹായേ, ഞങ്ങളുടെ പാപബന്ധനങ്ങളിൽനിന്ന് ഞങ്ങൾ മോചിതരാകാൻ,
സമൂഹം : അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
2. അങ്ങയുടെ ഉയിർപ്പിന്റെ ശക്തി തിരിച്ചറിഞ്ഞ് അവിടുത്തെ ജീവിതവും മരണവും മഹത്വപ്പെടുത്തി വിശ്വസ്ഥതയോടെ ജീവിക്കാനായി,
സമൂഹം : അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
3. രക്ഷയുടെ സദ്വാർത്ത ലോകമെങ്ങും അറിയിക്കാനായി ശ്ലീഹന്മാരെ തെരഞ്ഞെടുക്കുകയും എപ്പോഴും കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത കർത്താവേ,
സമൂഹം : അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
4. അങ്ങു സ്ഥാപിച്ച സഭയെ ആത്മാർത്ഥമായി സ്നേഹിക്കാനും അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് രക്ഷയുടെ ദൗത്യം തുടരാനുമായി,
സമൂഹം : അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
5. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
സമാപനപ്രാർത്ഥന
ഓ…ദൈവമേ, അങ്ങയോടും മറ്റുള്ളവരോടും ഞങ്ങളോടു തന്നെയും വിശ്വസ്ഥരായിരിക്കാൻ ഞങ്ങളെ സഹായിക്കണമേ. എല്ലായ്പ്പോഴും സത്യം മാത്രം പറയാനും, താഴ്മയോടെ വർത്തിക്കാനും മറ്റുള്ളവരെ വിധിക്കാതെ ഞങ്ങളെക്കാൾ ശ്രേഷ്ഠരായി അവരെ കരുതാനും ഞങ്ങളെ ശക്തരാക്കണമേ. ഞങ്ങളുടെ ബലഹീനതയിൽ അങ്ങു ഞങ്ങൾക്കു ബലം പകരണമേ. ഞങ്ങളെ സ്നേഹിക്കുന്നവരും ഞങ്ങൾ സ്നേഹിക്കുന്നവരുമായ ആരെയും വേദനിപ്പിക്കാതെ അവർക്കായി ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥതയുള്ളവരായിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കർത്താവ് ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം : ആമേൻ.