വിശുദ്ധരായ സേർവിറ്റ് സഭയുടെ ഏഴ് സ്ഥാപകർ ഇറ്റലിയിലെ ഫ്ലോറെന്‍സിലുള്ള കുലീന കുലജാതരായിരുന്നു.പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഇവരെ വിളിക്കുകയും ഓരോരുത്തർക്കും പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുകയും, ലോകത്തെ ഉപേക്ഷിച്ച് ദൈവശുശ്രൂഷയ്ക്കായി സമ്പൂർണ്ണ സമർപ്പണം ചെയ്യുവാൻ അമ്മ അവരോട് നിർദ്ദേശിക്കുകയും ചെയ്തു.തുടർന്ന്,1233ൽ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ ദിവസം അവർ ഏഴുപേരും തങ്ങളുടെ കുടുംബമഹിമയും, സമ്പത്തും എല്ലാം ഉപേക്ഷിച്ച് പട്ടണത്തിന് പുറത്തുള്ള ഒരു ജീർണിച്ച കെട്ടിടത്തിനുള്ളിൽ താമസം തുടങ്ങി. ദാരിദ്ര്യവും പ്രാർത്ഥനയും നിറഞ്ഞ അവരുടെ ജീവിത ശൈലിയിൽ ആകർഷിക്കപ്പെട്ട് അനേകർ ആധ്യാത്മികോപദേശങ്ങൾ തേടി അവരുടെ അടുത്തേയ്‌ക്കെത്തി. കാരുണ്യ പ്രവർത്തികളോടൊപ്പം തന്നെ പ്രാർത്ഥനാ ജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകുവാനായി, കൂടുതൽ ഏകാന്തത ലക്ഷ്യമാക്കി അവർ പട്ടണത്തിൽ നിന്നും മാറിയുള്ള ഒരു വീട്ടിൽ താമസമാരംഭിച്ചു.
1240ലെ മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ദിവസം പരിശുദ്ധ അമ്മ അവർക്ക് പ്രത്യക്ഷപ്പെടുകയും പുതിയ ഒരു സന്യാസമൂഹം ആരംഭിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. പരിശുദ്ധ മറിയത്തിന്റെ ദാസന്മാർ എന്ന പേരും ഡൊമിനിക്കൻ സഭയുടേതിനോട് സാദൃശ്യമുള്ള ഒരു സന്യാസ വസ്ത്രവും അമ്മ അവർക്ക് നിർദ്ദേശിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ 7 വ്യാകുലങ്ങളോടുള്ള ഭക്തി പ്രചരിപ്പിക്കുവാനുള്ള ദൗത്യം അവർക്ക് നൽകപ്പെട്ടു. അധികം വൈകാതെ തന്നെ പേപ്പൽ അംഗീകാരം ലഭിച്ച ഈ സന്യാസ സമൂഹം കൂടുതൽ രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചു. താപസജീവിതത്തോടൊപ്പം തന്നെ പ്രേഷിതപ്രവർത്തനവും ഇവർ നടത്തിയിരുന്നു. ആശ്രമത്തിനുള്ളിൽ പ്രാർത്ഥനയും നിശബ്ദതയും ജോലിയും ചെയ്ത ഇവർ ആശ്രമത്തിന് പുറത്ത് മറ്റ് പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1887ൽ ലിയോ പതിമൂന്നാമൻ പാപ്പാ ഈ ഏഴ് സ്ഥാപകരെ വിശുദ്ധരായി നാമകരണം ചെയ്തു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/782
PDM Ruha Mount