1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച വി. അന്തോനീസ് ആദ്യം ഒരു അഗസ്റ്റീനിയൻ സന്യാസാശ്രമത്തിലാണ് ചേർന്നത്. മൊറൊക്കോയിൽ സുവിശേഷം പ്രസംഗിച്ചതിനെത്തുടർന്ന് ഏതാനും ഫ്രാൻസിസ്കൻ സന്യാസിമാർ രക്തസാക്ഷികളായത് ഫ്രാൻസിസ്കൻ സഭയിൽ ചേരാനും മൊറൊക്കോയിൽ സുവിശേഷം പ്രസംഗിക്കാനുമുള്ള ആഗ്രഹം വിശുദ്ധനിൽ ഉണർത്തി.പിന്നീട്, സഭാധികാരികളുടെ അനുവാദത്തോടെ അദ്ദേഹം ഫ്രാൻസിസ്കൻ സഭയിലേക്ക് ചേരുകയും മൊറൊക്കോയിലേക്ക് സുവിശേഷപ്രഘോഷണത്തിനായി പോകുകയും ചെയ്തു. എന്നാൽ ശാരീരികാസ്വാസ്ഥ്യം മൂലം അദ്ദേഹത്തിന് തിരികെ പോകേണ്ടി വന്നു. തുടർന്ന്, ഇറ്റലിയിലെ സിസിലിയിൽ എത്തിയ വിശുദ്ധൻ അവിടെ ഒരു ആശ്രമത്തിൽ താപസജീവിതം നയിച്ചു.1222ൽ ഒരു സമ്മേളനത്തിൽ വച്ച് അന്തോനീസിന്റെ പ്രസംഗചാതുരി മനസിലാക്കിയ വി. ഫ്രാൻസിസ് അസ്സീസ്സി അദ്ദേഹത്തെ വടക്കേ ഇറ്റലിയിൽ സുവിശേഷപ്രഘോഷണത്തിനായി അയച്ചു.വലിയ മാനസാന്തരങ്ങൾക്കും അത്ഭുതങ്ങൾക്കും സാക്ഷ്യം വഹിച്ച വിശുദ്ധന്റെ പ്രഭാഷണങ്ങൾ ശ്രവിക്കാൻ മുപ്പതിനായിരത്തോളം ആളുകൾ വരെ എത്തുമായിരുന്നു. കുറച്ചുകാലത്തിനു ശേഷം അദ്ദേഹത്തിന്റെ പാണ്ഡിത്യം പരിഗണിച്ച് ഫ്രാൻസിസ് അസ്സീസി അദ്ദേഹത്തെ ദൈവശാസ്ത്ര അധ്യാപകനായും നിയമിച്ചു.1231ൽ തന്റെ 36ആം വയസ്സിൽ മരിച്ച വി.അന്തോനീസിനെ തൊട്ടടുത്ത വർഷം തന്നെ ഗ്രിഗറി ഒൻപതാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.1946ൽ പന്ത്രണ്ടാം പീയൂസ് പാപ്പാ വി. അന്തോനീസിനെ സഭയിലെ വേദപാരംഗതനായി ഉയർത്തി.കാണാതെ പോയ വസ്തുക്കൾ കണ്ടുകിട്ടുന്നതിനായി വിശുദ്ധനോട് പ്രാർത്ഥിക്കുന്ന ഒരു പാരമ്പര്യം സഭയിൽ ഇന്നും തുടരുന്നുണ്ട്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=24
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount