റൂഹാ മൗണ്ട്: പൗരോഹിത്യ കാലത്ത് പതിനായിരകണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ഏപ്രില്‍ 14ന് തീയേറ്ററുകളിലേക്ക്. രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയിലറില്‍ പൈശാചിക തിന്മകളുടെ സ്വാധീനവും രീതികളും അവയ്ക്കെതിരെയുള്ള ഫാ. അമോർത്തിന്റെ ആത്മീയ പോരാട്ടവും ഭയപ്പെടുത്തുന്ന രീതിയിലാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്’. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി’, ‘ആന്‍ എക്സോര്‍സിസ്റ്റ്സ് മോര്‍ സ്റ്റോറീസ്’ എന്നീ പേരുകളിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.