റൂഹാ മൗണ്ട്: ഫ്രാൻസിസ് പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. സാഹചര്യങ്ങൾ നോക്കി അനുയോജ്യമായ തിയതി കിട്ടിയാൽ അടുത്തവർഷം തന്നെ മാർപാപ്പ ഇന്ത്യ സന്ദർശിച്ചേക്കാം എന്ന സൂചനകൾ നിലനിൽക്കുന്നു.
പാപ്പയുടെ അടുത്തവർഷത്തെ സന്ദർശനങ്ങളിൽ കാനഡ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിലും മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഭാരതത്തിലെ ക്രൈസ്തവർ. അങ്ങനെയെങ്കിൽ ഇന്ത്യ സന്ദർശിക്കുന്ന മൂന്നാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. ഇന്ത്യയിൽ എത്തിയാൽ തീർച്ചയായും കേരളം സന്ദര്‍ശിക്കുമെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ വ്യക്തമാക്കി.