റൂഹാ മൗണ്ട്: ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ന്യൂഡൽഹിയില്‍ നടന്ന സംഗമത്തിൽ ആയിരങ്ങളുടെ പങ്കാളിത്തം. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് ആയിരങ്ങൾ എത്തിയത്. ഇന്നലെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന വൻപ്രതിഷേധ സംഗമത്തില്‍ ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ ജെ. കുട്ടോ, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ അധ്യക്ഷൻ ബിഷപ്പ് പോൾ സ്വരൂപ്, ഗുരുഗ്രാം മലങ്കര രൂപത വികാരി ജനറൽ ഫാ. വർഗീസ് വിനയാനന്ദ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഏബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവെന്നും ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഓരോ ദിവസവും ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നതായും ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. ഭരണഘടന നൽകുന്ന സർവ്വ സ്വാതന്ത്ര്യങ്ങളും ഇതിലൂടെ ഹനിക്കപ്പെടുകയാണെന്നും പിതാവ് കൂട്ടിച്ചേർത്തു.