റൂഹാ മൗണ്ട്: തിരുവചമാണ് സഭയുടെ കൈമുതലെന്നു ഫ്രാൻസിസ് പാപ്പ. ഏതെല്ലാം തരത്തിൽ മതപീഡനങ്ങൾ നടന്നിട്ടുണ്ടോ അതെല്ലാം തിരുവചനം വിവിധയിടങ്ങളിൽ പ്രഘോഷിക്കപ്പെടാൻ ഇടയാക്കിയെന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി. ‘ആഗോള ബൈബിൾ സഖ്യ’ത്തിന്റെ ജനറൽ സെക്രട്ടറി റവ. ഡിർക് ഗെവേഴ്സ് ഉൾപ്പെടെയുളള പ്രതിനിധിസംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരിന്നു പാപ്പ. വചനം പ്രസംഗിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുന്നത് അന്നും ഇന്നും അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ തന്നെയാണെന്നും പാപ്പ വ്യക്തമാക്കി.
അതുകൊണ്ടുതന്നെ, മതപീഡനങ്ങൾ ദൈവവചനം മറക്കാനല്ല, പ്രചരിപ്പിക്കാനുള്ള അവസരമായി മാറുന്നു. ഇന്നത്തെ ലോകത്തിലും വിവിധയിടങ്ങളിൽ ക്രൈസ്‌തവർ പലായനം ചെയ്യപ്പെടുവാൻ നിര്‍ബന്ധിതരാകുന്നുവെങ്കിലും അവരും ആദിമ ക്രിസ്ത്യാനികളെപ്പോലെ, തങ്ങൾക്ക് ലഭിച്ച തിരുവചനം തങ്ങളോടൊപ്പം വഹിച്ചുകൊണ്ടാണ് പോകുന്നത്. അവർ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും, ക്രിസ്തുവിന്റെ കുരിശിനെ ആശ്ലേഷിച്ചുകൊണ്ട് എന്നും നിലനിൽക്കുന്ന തിരുവചനത്തെ ആരാധിക്കുകയും ചെയ്യുന്നു.