റൂഹാ മൗണ്ട്: ലോകത്ത് ക്രൈസ്തവർക്കെതിരെ ഏറ്റവുമധികം പീഢനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് നൈജീരിയ. അതിക്രൂരമായ പീഢനങ്ങളാണ് നൈജീരിയയിൽ ഭരണാധികാരികളുടെ വരെ ഒത്താശയോടെ നടക്കുന്നത്. എങ്കിലും വളരെ അത്ഭുതകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമീപകാല പഠനത്തില്‍ നൈജീരിയയിലെ മൂന്നു കോടിയോളം വരുന്ന കത്തോലിക്കരിലെ 94% ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.
എക്വുലോബിയ രൂപതയെ നയിക്കുന്ന അന്‍പത്തിയൊന്‍പതുകാരനായ കര്‍ദ്ദിനാള്‍ പീറ്റര്‍ എബെരെ ഒക്പലകെ ഇതിനുള്ള കാരണം പറഞ്ഞത് ഇപ്രകാരമാണ്. നൈജീരിയയുടെ പരമ്പരാഗതമായ ലോക വീക്ഷണം, കുടുംബത്തിന്റെ പങ്ക്, ഇടവകകളിലെ കൂട്ടായ്മ ബോധം എന്നിവയാണ് നൈജീരിയന്‍ ജനതയെ തലമുറകളായി വിശുദ്ധ കുര്‍ബാനയുമായി അടുപ്പിച്ച് നിര്‍ത്തിയിരിക്കുന്നു എന്നാണ് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയിരിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ആത്മീയതയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ചും, ദൈവീകതയ്ക്കു മനുഷ്യ ജീവിതത്തിലുമുള്ള പങ്കിനെക്കുറിച്ചുള്ള ഒരു പൊതുബോധ്യം നൈജീരിയന്‍ ജനതയ്ക്കുണ്ടെന്നും, ഈ പൊതുബോധ്യമാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കലായി പരിണമിച്ചതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ ഉന്നതരും പാവപ്പെട്ടവരും ഒരുപോലെ വന്നു വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ടെന്നു കര്‍ദ്ദിനാള്‍ വ്യക്തമാക്കി. നൈജീരിയയിലെ കത്തോലിക്കാ ഇടവകകളും, രൂപതകളും ജനങ്ങള്‍ക്ക് ഒരു ശക്തമായ കൂട്ടായ്മ ബോധവും, പരസ്പര സ്നേഹവും കൈമാറുന്നുണ്ട്. വെറും 3 വര്‍ഷം മാത്രം പ്രായമുള്ള തന്റെ രൂപതയില്‍ തന്നെ ഈ കൂട്ടായ്മബോധം കാണാമെന്നും കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു.