റൂഹാ മൗണ്ട്: ക്രൈസ്തവർക്കും ക്രൈസ്തവ വിശ്വാസങ്ങൾക്കുമെതിരെ നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരത തുടരുകയാണ്. മൂന്ന് കത്തോലിക്കാ വൈദികർക്കും സെമിനാരി വിദ്യാർത്ഥികൾക്കും 10 വർഷം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് അടുത്ത ക്രൂരത അവർ കാണിച്ചിരിക്കുന്നത്. ദേശീയ അഖണ്ഡതയെ ബാധിക്കുന്ന ഗൂഢാലോചന നടത്തി എന്ന വ്യാജ ആരോപണം ഉന്നയിച്ചും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചും 10 വർഷം തടവ് ശിക്ഷയാണ് വൈദികർക്കും സെമിനാരി വിദ്യാർത്ഥികൾക്കും കത്തോലിക്ക ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനായ ഒരു അത്മായനും വിധിക്കപ്പെട്ടിരിക്കുന്നത്.
ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ നട്ടം തിരിയുന്ന നിക്കരാഗ്വേയിലെ കത്തോലിക്കാ സഭ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നേരിട്ടത് നാനൂറോളം അതിക്രമങ്ങളാണെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായ വാള്‍ഡെമര്‍ സ്റ്റാനിസ്ലോ മെത്രാനെ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ, മതഗല്‍പ്പ ബിഷപ്പ് റൊളാണ്ടോ ആല്‍വാരെസിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. മെത്രാന്റെ വിചാരണ അടുത്തു തന്നെ ഉണ്ടാവും. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ നാടുകടത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ വധഭീഷണിയെ തുടര്‍ന്ന് മനാഗ്വേയിലെ മുന്‍ സഹായ മെത്രാനായിരുന്ന സില്‍വിയോ ബയെസ് അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്.