റൂഹാ മൗണ്ട്: മൊറോക്കോയിലെ ക്രൈസ്തവർക്ക് ഇനിയുള്ളത് ആശ്വാസത്തിന്റെ ദിനങ്ങൾ. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യം ഭരിച്ചിരുന്ന തീവ്ര ഇസ്ലാമിക നിലപാടുകളുള്ള ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി പരാജയപ്പെട്ടതോടെ ഏറെ പ്രതീക്ഷകളാണ് മൊറോക്കോയിലെ ക്രൈസ്തവർക്കുള്ളത്. മതേതര പാർട്ടിയായ നാഷണൽ റാലി ഓഫ് ഇൻഡിപെൻഡൻസ് ആയിരിക്കും രാജ്യം ഇനി ഭരിക്കുക.
ദീർഘനാളായി തീവ്ര ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം നയിച്ചിരുന്ന പാർട്ടി പരാജയപ്പെട്ടത് ക്രൈസ്തവ വിശ്വാസികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. തീവ്രവാദികൾ ഭരണത്തിൽ നിന്ന് പോയതിന് യേശുവിന് നന്ദി പറയുകയാണെന്നും ദൈവം തങ്ങളുടെ പ്രാർത്ഥന കേട്ടുവെന്നും ആഗ്രഹിച്ച ഒരു സർക്കാരിനെയാണ് ദൈവം തന്നിരിക്കുന്നതെന്നും ഇമോനൻ എന്നൊരു ക്രൈസ്തവ വിശ്വാസി പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ നിയുക്തനായിരിക്കുന്ന അസീസ് അസ്കനൗ ഒരു ബിസിനസുകാരനാണെന്നും, ആര് ഏതു മതത്തിൽ വിശ്വസിച്ചാലും അദ്ദേഹത്തിന് പ്രശ്നമില്ലെന്നും, അതിനാൽ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള അതിക്രമങ്ങൾ കുറയുമെന്നും മറ്റൊരു വിശ്വാസി പ്രതീക്ഷ പ്രകടിപ്പിച്ചു. മൊറോക്കോ ജനസംഖ്യയുടെ 99%വും ഇസ്ലാം മതം പിന്തുടരുന്നവരാണ്. തികച്ചും ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷ പകരുന്നതാണ് പുതിയ തെരഞ്ഞെടുപ്പ് ഫലം.