റൂഹാ മൗണ്ട്: ജർമനിയിലും പാരീസിലുമായി ഈ അടുത്തകാലങ്ങളിൽ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിക്കൊണ്ട് നിരവധി ആക്രമണങ്ങളാണ് നടത്തപ്പെട്ടത്. ഇതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ‘ഒബ്സര്‍വേറ്ററി ഫോര്‍ ദി ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’ (ഒഐഡിഎസി) എന്ന സംഘടന രംഗത്തു വന്നിരിക്കുകയാണ്. യൂറോപ്പിലെ ക്രൈസ്തവരെ മാത്രം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ക്രൂരമായ ആക്രമണങ്ങളാണ് ഇവയെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ജര്‍മ്മനിയിലെ വെസ്റ്റെര്‍വാള്‍ഡ് മേഖലയിലെ വിസ്സെനിലെ എലവേഷന്‍ ഓഫ് ദി ക്രോസ് ദേവാലയമാണ് വിനാശകരമായ തീവെയ്പ്പിന് ഇരയായത്. ആക്രമണത്തില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ദേവാലയത്തിന്റെ ബലിപീഠത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ ദശലക്ഷകണക്കിന് യൂറോയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സംഭവത്തില്‍ മുപ്പത്തിയൊന്‍പതുകാരനായ ഒരാളെ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ വിവിധ ദേവാലയങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ നടന്ന കാര്യവും വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഐഡിഎസി ചൂണ്ടിക്കാട്ടി. ജനുവരി 17 – 25 തീയതികള്‍ക്ക് ഇടയില്‍ ആക്രമണങ്ങള്‍ നടന്നതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് ലെ പാരീസിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. ജനുവരി 17-നും, ജനുവരി 22-നുമായി ബോളെവാര്‍ഡ് സെരൂരിയറിലെ നോട്രഡാം ഡെ-ഫാത്തിമ ദേവാലയത്തില്‍ ഇരട്ട ആക്രമണങ്ങള്‍ നടന്നു. ദേവാലയത്തിന്റെ വാതിലില്‍ തീപിടിക്കുവാന്‍ സഹായിക്കുന്ന വാതകം സ്പ്രേ ചെയ്ത് തീപിടുത്തമുണ്ടാക്കുകയായിരുന്നുവെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജനുവരി 18-ന് സെന്റ്-മാര്‍ട്ടിന്‍-ഡെസ്-ചാംപ്സ് എന്ന ദേവാലയത്തിനു നേരേയാണ് മൂന്നാമത്തെ ആക്രമണം നടന്നത്.