ഭൂമിയിലായിരിക്കുന്ന സമയത്ത് യേശുവിന്റെ സ്വർഗീയമഹത്വം വെളിപ്പെട്ട അപൂർവ്വമായ ഒരു സംഭവമായിരുന്നു താബോർ മലയിൽ വെച്ച് നടന്ന അവിടുത്തെ രൂപാന്തരീകരണം.മത്താ 17:1-8, മർക്കോസ് 9:2-9, ലൂക്കാ 9:28-36 എന്നീ സുവിശേഷഭാഗങ്ങളിൽ യേശുവിന്റെ രൂപാന്തരീകരണത്തെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്.ഗാഗുല്‍ത്തായിലെ തന്റെ പീഡാസഹനത്തിന് മുന്‍പ് യേശു ഗലീലിയിലായിരിക്കുമ്പോള്‍, ഒരിക്കല്‍ വിശുദ്ധ പത്രോസിനേയും, സെബദിയുടെ മക്കളായ വിശുദ്ധ യാക്കോബിനേയും, വിശുദ്ധ യോഹന്നാനേയും കൂട്ടികൊണ്ട് താബോർ മലമുകളിലേക്ക് പോയി.
അവിടെവച്ച് യേശു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവ്യപ്രകാശം അവന്റെ ശരീരത്തെ മുഴുവന്‍ വലയം ചെയ്തു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുകയും, അവന്റെ വസ്ത്രങ്ങള്‍ മഞ്ഞുപോലെ വെളുത്ത് കാണപ്പെടുകയും ചെയ്തു. ആ അവസരത്തില്‍ മോശയും, ഏലിയാ പ്രവാചകനും യേശുവിന്റെ വശങ്ങളില്‍ നില്‍ക്കുന്നതായി ആ മൂന്ന്‍ അപ്പസ്തോലന്‍മാര്‍ക്കും ദര്‍ശിക്കുവാന്‍ കഴിഞ്ഞു.യേശുവിന്റെ പീഡാനുഭവത്തെയും മരണത്തെയുംകുറിച്ച് മോശയും, ഏലിയായും യേശുവിനോടു വിവരിക്കുന്നതായും അപ്പസ്തോലന്‍മാര്‍ കേട്ടു.തുടർന്ന്, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്റെ വാക്ക് ശ്രവിക്കുവിൻ” എന്ന സ്വർഗീയ അരുളപ്പാടുണ്ടാവുകയും അതുകേട്ട് ശിഷ്യന്മാർ നിലംപതിക്കുകയും ചെയ്തു. ഈ സംഭവത്തിലൂടെ പുനരുത്ഥാനത്തിന് ശേഷം ശേഷം താന്‍ സ്ഥിരമായി ആയിരിക്കുവാന്‍ പോകുന്ന മഹത്വമാര്‍ന്ന അവസ്ഥയിലേക്ക് യേശു അല്പ സമയത്തേക്ക് പോവുകയായിരുന്നു. യഥാർത്ഥത്തിൽ യേശുവിന്റെ ആന്തരിക ദിവ്യത്വത്തിന്റെ ശോഭയും, അവന്റെ ആത്മാവിന്റെ ധന്യതയും അവന്റെ ശരീരത്തിലൂടെ കവിഞ്ഞൊഴുകുന്നതാണ് ഈ രൂപാന്തരീകരണത്തിൽ വെളിപ്പെട്ടത്.സിറിയൻ, കോപ്റ്റിക്, ബൈസന്റൈൻ എന്നീ സഭകളിൽ ഈ തിരുനാൾ ആദിമനൂറ്റാണ്ടുകൾ മുതലേ ഉണ്ടായിരുന്നെങ്കിലും 1457ൽ ബെൽഗ്രേഡിൽ വച്ച് നടന്ന കുരിശുയുദ്ധത്തിൽ തുർക്കികളെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് കത്തോലിക്കാ സഭ ഈ തിരുനാൾ ആരാധനക്രമത്തിൽ ചേർത്തത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/the-transfiguration-555
http://www.pravachakasabdam.com/index.php/site/news/2102
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount