റൂഹാ മൗണ്ട്: കഴിഞ്ഞ ദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ദുരൂഹ നിലയിൽ മരിച്ച എട്ടാം ക്ലാസുകാരി പലതവണ പീഢനത്തിന് ഇരയായിട്ടുണ്ട് എന്ന റിപ്പോർട്ട്. തുടർന്ന് അതിനുപുറകേ വന്ന വാർത്ത അതിലും ഭീതിജനകമാണ്. 14 വയസുള്ള ഈ പെൺകുട്ടിയുടെ റൂമിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു എന്നും അമിത ലഹരി ഉപയോഗം തലച്ചോറിൽ ഉണ്ടാക്കിയ രക്ത സ്രാവം മൂലമാണ് പെൺകുട്ടി മരണപ്പെട്ടത് എന്നുമുള്ള വാർത്ത.
അടുത്ത റിപ്പോർട്ട് ഈ പെൺകുട്ടി ആരാണ് എന്നുള്ളതാണ്. തിരുവനന്തപുരത്തെ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഒരേയൊരു മകളാണ് ഈ പെൺകുട്ടി. കാര്യങ്ങൾ എവിടം വരെ എത്തി എന്നുള്ളത് കേരള ജനത കണ്ണുതുറന്ന് ഒന്ന് കാണുന്നത് നല്ലതാണ്. കേരളത്തിലെ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അവസ്ഥ ഇതാണ് എങ്കിൽ സാധാരണ ഒരു കുടുംബത്തിലെ അവസ്ഥ എന്തായിരിക്കാം. ലഹരി മാഫിയ വെറും 14 വയസുള്ള ഒരു പെൺകുട്ടിയെ ഇത്തരത്തിൽ തകർത്ത് കളഞ്ഞിട്ടുണ്ടെങ്കിൽ, അതും ഒരു നിയമപാലകന്റെ മകളെ ലക്ഷ്യമിട്ട് ഇത്രയും വലിയ ഒരു കൊടും ക്രൂരത കാണിച്ചിട്ടുണ്ട് എങ്കിൽ കേരള ജനതയ്ക്ക് ഒരു താക്കീത് കൂടിയാണ് ഇത്. കാര്യങ്ങൾ അതിവിദൂരമല്ല നമ്മുടെ മക്കളുടെ അരികിലും കഴുകൻ കണ്ണുകളുമായി അവർ അലയുന്നുണ്ട്.
ഇത്രയും ഭീകരമായ ഒരു വാർത്ത വന്നിട്ടും നവോത്‌ഥാനം പറയുന്നവരും മറ്റും കണ്ണുമടച്ച് ഇരിക്കുകയാണ് ഒന്നും കണ്ടില്ല എന്ന മട്ടിൽ. ആർക്കും പ്രതികരിക്കേണ്ട. കാരണം ഇത് നമ്മുടെ ആരുമല്ലല്ലോ. പക്ഷേ ഒന്നോർക്കണം. ഇന്ന് മിണ്ടാതിരുന്നാൽ നാളെ നമ്മുടെ അവസ്ഥ ഇതുപോലാകും എന്ന സത്യം മറക്കരുത്. ഇതിനെതിരെ പ്രതികരിക്കാതിരുന്നാൽ ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ യുവജനം തകർന്നടിയും. കാരണം ലഹരി അവരെ കാർന്ന് തിന്നു തുടങ്ങിയിരിക്കുന്നു. ചുറ്റുമൊന്നു കണ്ണോടിച്ചാൽ നമുക്ക് കാണാൻ കഴിയും. ലഹരി വിതയ്ക്കുന്ന ഭീകരത എന്താണ് എന്ന്.