റൂഹാ മൗണ്ട്: ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹാർട്സ്ഫീൽഡ്- ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ ഒരുങ്ങി. ഇക്കഴിഞ്ഞ ദിവസം എയർപോർട്ടിൽ യാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു, ആർച്ച്ബിഷപ്പ് ഗ്രിഗറി ഹാർട്ട്മേയർ ചാപ്പലിന്റെ ആശീർവാദ കർമം നിർവഹിച്ചത്. അതിരൂപതയുടെയും എയർപോർട്ട് ചാപ്ലൈന്റെയും ശ്രമഫലമാണ് അന്താരാഷ്ട്ര ടെർമിനലിൽ സ്ഥാപിതമായ, ആഴ്ചയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ദിവ്യകാരുണ്യ ചാപ്പൽ.
രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന എയർപോർട്ടിൽ രാപ്പകൽ ഭേദമില്ലാതെ ദിവ്യകാരുണ്യനാഥനെ ആരാധിക്കാനുള്ള സൗകര്യം സാധ്യമാക്കിയതിന്റെ അഭിമാനത്തിലാണ് അറ്റ്‌ലാന്റാ അതിരൂപത. നിരവധി ജീവിതങ്ങളെ ദിവ്യകാരുണ്യ ചാപ്പൽ സ്പർശിക്കുന്നുണ്ടെന്ന് ചാപ്ലൈൻ ഫാ. കെവിൻ പീക്ക് പറയുന്നു.
‘ഏറ്റവും അപ്രതീക്ഷിതമായ സ്ഥലത്ത് ക്രിസ്തുവിനെ കണ്ടുമുട്ടാൻ ഒരു അവസരമുണ്ടായി എന്നതാണ് അതിനുകാരണം. വിമാനത്താവളത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സന്ദർശകർ സന്തോഷത്താൽ ഈറനണിയുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും പതിവ് കാഴ്ചയാണിപ്പോൾ,’ അദ്ദേഹം കൂട്ടിച്ചേർത്തു.
കണക്റ്റിംഗ് ഫ്ളൈറ്റുകൾക്കും നേരിട്ടുള്ള ഫ്ളൈറ്റുകൾക്കുമായി നിരവധി ആളുകൾ ഉപയോഗിക്കുന്ന വിമാനത്താവളമാണിത്. പ്രതിദിനം ശരാശരി 300,000 യാത്രക്കാർ എയർപോർട്ടിൽ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. മാത്രമല്ല, ഏകദേശം 64,000 ജീവനക്കാർ എയർപോർട്ടിൽ ഒരേസമയത്ത് ജോലി ചെയ്യുന്നുമുണ്ട്. അതായത് ഏതാണ്ട് ഒരു ചെറുപട്ടണത്തിന് സമാനാമായ ജനസാന്നിധ്യം ഇവിടെയുണ്ടെന്ന് അർത്ഥം!
ഇതിലൂടെ കടന്നുപോകുന്ന എല്ലാവർക്കും ക്രിസ്തുവിന്റെ യഥാർത്ഥ സ്നേഹത്തിലായിരിക്കാനും അത് അനുഭവിക്കാനും കഴിയുമെന്നും ചാപ്ലെയിൻ വെളിപ്പെടുത്തി. ശനി, ഞായർ ദിനങ്ങളിൽ അവിടെ ദിവ്യബലി അർപ്പണവും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത ദിവ്യബലി അർപ്പണങ്ങൾ യാത്രക്കാരുടെയും എയർലൈൻ ജോലിക്കാരുടെയും ഞായറാഴ്ച ആചരണം മുടങ്ങാതിരിക്കാൻ സഹായിക്കുന്നുണ്ടെന്നും ചാപ്ലൈൻ കൂട്ടിച്ചേർത്തു.