റൂഹാ മൗണ്ട്: വയനാട്ടിൽ കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ചത്ത നിലയിൽ കടുവയെ കണ്ടെത്തിയ സംഭവത്തിൽ ആദ്യം കടുവയെ കണ്ട വ്യക്തി ജീവനൊടുക്കി. കാരണം വനം വകുപ്പിന്റെ നിരന്തരമുള്ള ചോദ്യം ചെയ്യൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വനം വകുപ്പിന് ഇത്രേം ക്രൂരമായി ഒരു മനുഷ്യന്റെ മാനസിക ശക്തിയെ നശിപ്പിക്കാൻ എങ്ങനെ സാധിച്ചു. ഇക്കാലമത്രയും നെയ്തുകൂട്ടിയ സ്വപ്നങ്ങൾ എല്ലാം ബാക്കിയാക്കി ഹരികുമാർ എന്ന വ്യക്തി തന്റെ ജീവൻ അവസാനിപ്പിച്ചിട്ടുണ്ടേൽ ആ ചോദ്യം ചെയ്യൽ എത്രയോ ക്രൂരമായിരുന്നിരിക്കാം.
ഒരു കുടുംബത്തിന്റെ അത്താണിയായ മനുഷ്യനെ കൊന്നത് മനുഷ്യ ജീവന് പ്രതിസന്ധിയായ ഒരു വന്യമൃഗം ചത്തതിന്റെ പേരിൽ അല്ലെ? ആ മനുഷ്യൻ ചെയ്ത തെറ്റെന്താണ്? കടുവ ചത്തുകിടന്നത് ആദ്യം കണ്ടു എന്നതോ? ഈ നാട്ടിൽ മനുഷ്യനാണോ മൃഗത്തിനാണോ ജീവന് വില? വനം വകുപ്പും അത് കൈകാര്യം ചെയ്യുന്നവരും ഈ മനുഷ്യന്റെ ജീവനും ആ കുടുംബത്തിന്റെ കണ്ണീരിനും മറുപടി പറയേണ്ടി വരും എന്നത് തീർച്ചയാണ്.
മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യൻ എത്രയോ കഷ്ടപ്പെട്ട് വന്യമൃഗങ്ങളോടും പ്രകൃതി ക്ഷോഭങ്ങളോടും പടവെട്ടി കൃഷി ചെയ്ത് തന്റെ സ്വപ്നങ്ങൾ നെയ്തെടുക്കുമ്പോൾ വനം വന്യജീവി വകുപ്പ് സുഖമായി വളരെ സുരക്ഷിതമായൊരു സ്ഥലത്തിരുന്ന് മനുഷ്യജീവന് വീണ്ടും ഭീഷണികൾ കൂട്ടുകയല്ലേ ചെയ്യുന്നത്. പന്നി, ആന മുതലായ മൃഗങ്ങളുടെ ശല്യം കാരണം കൃഷിക്കാരായ മലയോര ജനത ബുദ്ധിമുട്ടുകയാണ്. എന്തിനേറെ പറയുന്നു കഴിഞ്ഞ ദിവസം കണ്ടതാണ് പാലക്കാട് നഗരത്തിൽ പട്ടാപ്പകൽ കാട്ടുപന്നിക്കൂട്ടം സ്കൂൾ കുട്ടികൾ അടക്കം നടന്നുപോകുന്ന ടൗണിലൂടെ അപകടകരമായ രീതിയിൽ ഭീതി വിതച്ചുകൊണ്ട് ഓടി നടക്കുന്നത്.
ഇതെല്ലാം കാണുമ്പോൾ വനം വകുപ്പിനോടും ഇത് കൈകാര്യം ചെയ്യുന്ന മന്ത്രിയോടും മറ്റ് ഉദ്യോഗസ്ഥരോടും ചോദിയ്ക്കാൻ തോന്നുകയാണ് മനുഷ്യ ജീവന് വിലയില്ലാതായോ എന്ന്. കൂടാതെ വയനാട്ടിൽ ആ പാവം കർഷകൻ ജീവനൊടുക്കിയതിനെതിരെ പ്രതികരിച്ച കിഫയ്‌ക്കെതിരെ വനംവകുപ്പ് മന്ത്രി ശബ്ദമുയർത്തിയിരിക്കുകയാണ്. കേരളം മുഴുവനുമുള്ള കർഷകർ ഗതികെട്ട് തെരുവിലിറങ്ങിയാൽ അതിന്റെ ആഘാതം എത്രമാത്രം വലുതായിരിക്കും എന്ന് മന്ത്രി ഒന്നോർക്കുന്നത് നല്ലതായിരിക്കും.