വി.കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാർട്ടിനും വി.സെലി ഗ്വെരിനും ക്രിസ്തീയ കുടുംബജീവിതത്തിന് ഉത്തമമാതൃക നൽകിയ ദമ്പതികളാണ്.ഫ്രഞ്ചുകാരായ ഇരുവരും സന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും തങ്ങളെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞുകൊണ്ട് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. 1858ൽ ആദ്യമായി കണ്ടുമുട്ടിയ ഇവർ തുടർന്ന് വിവാഹിതരാവുകയും ഒരു വർഷക്കാലം തങ്ങളുടെ ആഗ്രഹപ്രകാരം പൂർണബ്രഹ്മചര്യത്തിൽ ജീവിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അവരുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ദൈവം നൽകുന്ന അത്രയും മക്കളെ സ്വീകരിക്കാൻ അവർ തീരുമാനിച്ചു.സെലി 9 മക്കൾക്ക് ജന്മം നൽകിയെങ്കിലും 4 പേർ ശൈശവത്തിൽ തന്നെ മരണപ്പെട്ടു.ശേഷിച്ച അഞ്ച് പെൺമക്കളും സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു.മക്കളുടെ തുടർമരണവും രോഗപീഡകളുമടങ്ങുന്ന കുടുംബജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും ഈ ദമ്പതികൾ നേരിട്ടെങ്കിലും വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് മക്കളെ ദൈവഭക്തിയിൽ വളർത്തുന്നതിൽ അവർ ശ്രദ്ധ പുലർത്തി.1877ൽ തന്റെ നാൽപ്പത്തിയഞ്ചാം വയസിൽ സ്തനാർബുദം ബാധിച്ച് സെലി മരണമടഞ്ഞു.”എന്റെ ദൈവമേ, ഈ മക്കളെ കാക്കണമേ…എന്റെ അമ്മേ, ഈ മക്കൾക്ക് എന്നും അമ്മയായിരിക്കണമേ..” എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അവൾ മരിച്ചത്.
തന്റെ അഞ്ച് പെണ്മക്കളെയും ദൈവത്തിന് സമർപ്പിച്ചതിന് ശേഷമനുഭവിച്ച കടുത്ത ഏകാന്തതയിലും ലൂയി തന്റെ എല്ലാ മക്കളെയും ദൈവം വിളിച്ചത് തനിക്ക് ദൈവം നൽകിയ വലിയ ബഹുമതിയായി കണ്ടു.തന്റെ വാർദ്ധക്യത്തിൽ ഓർമ്മക്കുറവും മറ്റ് പല മാനസികപ്രശ്നങ്ങളും നേരിടേണ്ടിവന്ന ലൂയി 1894ൽ മരണമടഞ്ഞു.2015ൽ ഫ്രാൻസിസ് പാപ്പയാണ് ലൂയി മാർട്ടിനെയും സെലി ഗ്വെരിനെയും വിശുദ്ധപദവിയിലേക്ക് ഉയർത്തിയത്.
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount