സ്പെയിനിലെ ആവിലാ ഗ്രാമം. ആ ഗ്രാമത്തിലെ പട്ടാളാന്തരീക്ഷം നിറഞ്ഞു നിൽക്കുന്ന ഒരു കുലീന കുടുംബം. ഡോൺ അല്ലോൻസോ ആയിരുന്നു ഈ വീടിന്റെ കുടുംബനാഥൻ. അദ്ദേഹം പട്ടാളത്തിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. ദൊന്നബെ യാത്രീസ് (അഹൂദ) ആയിരുന്നു ഡോൺ അല്ലോൻസോയുടെ ഭാര്യ. അവൾ ഭക്തയായ ഒരു സ്ത്രീയായിരുന്നു. ഇവരുടെ ദാമ്പത്യവല്ലരിയിൽ പന്ത്രണ്ട് മക്കൾ ജനിച്ചു. ഒൻപത് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഇതിൽ ആറാമത്തെ കുഞ്ഞായി 1515 മാർച്ച് 28-ന് അമ്മത്രേസ്യ ജനിച്ചു. ത്രേസ്യ എന്ന നാമത്തിന് ‘പ്രത്യക്ഷമാക്കുന്നവൾ’ എന്നാണർത്ഥം.
നമുക്ക് ഇവളെ ഒരു പുണ്യവതിയെപോലെ വളർത്തണം. ഇതായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം.
ചെറുപ്പം മുതലെ ആ മാതാപിതാക്കൾ അവളെ പ്രാർത്ഥനയിലും ദൈവ ഭക്തിയിലും വളർത്തി. ഏത് ജോലിയും ചെയ്യുന്നതിനുമുമ്പ് പ്രാർത്ഥിച്ച് തുടങ്ങുവാൻ അവർ അവളെ പഠിപ്പിച്ചിരുന്നു. ഭക്തപു സ്തക പാരായണം എന്നും ആ കുടുംബത്തിൽ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ ലൗകിക സുഖങ്ങളിൽ നിന്നെല്ലാം വിരക്തി യുള്ളവളായി ത്രേസ്യ കാണപ്പെട്ടു. കുഞ്ഞുന്നാളിൽ തന്നെ അതിശയനീയമായ ദൈവഭക്തി അവളിൽ നിറഞ്ഞു നിന്നിരുന്നു. പരിശു ദ്ധാത്മാവിനോടുള്ള ഭക്തി വളരെ ദൃഢമായിരുന്നു.
അവൾക്ക് ഏകദേശം ഏഴ് വയസ്സായപ്പോൾ ആഫ്രിക്കയിൽ പോയി മൂർ ജാതികളുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കാൻ ആഗ്രഹം ഉണ്ടായി. മാതാപിതാക്കൾ ഇത് എതിർക്കും എന്ന് തീർത്തും ബോധ്യം ഉണ്ടായതിനാൽ കുഞ്ഞനുജൻ റെഡിഗോയുമൊന്നിച്ച് ആഫ്രിക്കയിലേക്ക് ഒളിച്ചോടാൻ ശ്രമം നടത്തി. അവിടുത്തെ മിഷനറിമാരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ ത്രേസ്യയ്ക്ക് അവിടെ പോയി മുഹമ്മദീയരുടെ കൈകളാൽ രക്തസാക്ഷിത്വം വഹിക്കണം എന്നുള്ളതായിരുന്നു ആഗ്രഹം. ഒളിച്ചോടുന്നതിനിടയിൽ വഴിയിൽ വച്ച് പിതാവിന്റെ സഹോദരൻ ഈ കുട്ടികളെ കാണുകയും, കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയപ്പോൾ അവരെ സുരക്ഷിതരായി തിരിച്ച് വീട്ടിൽ എത്തിക്കുകയും ചെയ്തു. എന്തിന് നീ ഇതിന് തുനിഞ്ഞു എന്ന ചോദ്യത്തിന് അവൾ നൽകിയ ഉത്തരം, മരിച്ചാൽ ദൈവത്തെ കാണാം. അതിനാൽ മരിക്കാൻ പറ്റിയ സ്ഥലം നോക്കിപ്പോയി എന്നതായിരുന്നു.
കുഞ്ഞുനാളിൽ തന്നെ ഈശോയ്ക്കുവേണ്ടി മരിച്ച്, ഈശോയോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ച വി. അമ്മത്രേസ്യായെപ്പോലെ നമുക്കും ഈശോയോട് ഒപ്പം ആയിരിക്കുക എന്നത് നമ്മുടെ ജീവിത ലക്ഷ്യമായി സ്വീകരിക്കാം..
പ്രാർത്ഥന
എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്‌തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്‌ഠം.
ഫിലിപ്പി 1 : 23
സ്നേഹനിധിയായ ഈശോയെ, മരണത്തിലൂടെ നിന്നെ പുൽകി, നിന്റെ നിരന്തര സാന്നിധ്യം അനുഭവിക്കുവാൻ കുഞ്ഞുനാളിൽ തന്നെ ആഗ്രഹിച്ച വി. അമ്മത്രേസ്യായെ പോലെ, നശ്വരമായ ഈ ലോക ജീവിതത്തേക്കാൾ, സ്വർഗത്തിൽ നിന്നോടൊപ്പമുള്ള നിത്യജീവിതത്തെ വിലയേറിയതായി കണ്ടുകൊണ്ട്, അതിനെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.
ആമേൻ.
വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount