സന്യാസജീവിതത്തിലേക്കുള്ള തന്റെ പ്രവേശനത്തിൽ താൻ നേരിട്ട കഷ്ടതകളെക്കുറിച്ചും ആ സമയം ഈശോ തന്നെ ബലപ്പെടുത്തിയതിനെക്കുറിച്ചും വി. അമ്മത്രേസ്യ ഇപ്രകാരം വിവരിക്കുന്നു..
“ഒരു കന്യാസ്ത്രീ ആകുന്നതിനുള്ള ആഗ്രഹം എത്രയും തീക്ഷണമായിരുന്നതു കൊണ്ടും, എന്റെ സുഖത്തേക്കാൾ ആത്മരക്ഷയെ ഞാൻ കൂടുതലായി കാംക്ഷിച്ചിരുന്നതുകൊണ്ടും, ദൈവത്തെ നന്നായിട്ടു സേവിക്കാവുന്ന ഏതൊരു മഠത്തിലും അല്ല, പിതാവ് ആഗ്രഹിക്കുന്ന ഏതു മഠത്തിലും പോകാൻ ഞാൻ സന്നദ്ധയായിരുന്നു. പിതൃഭവനം വിട്ടുപോന്ന നേരത്ത് എനിക്കുണ്ടായ സങ്കടത്തേക്കാൾ വലിയ സങ്കടം മരണസമയത്തുപോലും ഉണ്ടാകയില്ലെന്നു ഞാൻ ഓർത്തുപോയി. ഇന്നും അതു വാസ്തവമാണെന്നാണെന്റെ വിശ്വാസം. എന്റെ ശരീരത്തിലെ അസ്ഥികളെല്ലാം ഞെരിഞ്ഞതുപോലെ എനിക്കുതോന്നി. അപ്പച്ചനോടും ബന്ധുമിത്രങ്ങളോടുമുള്ള സ്നേഹം ഒതുക്കിനിർത്താൻ കഴിയുന്ന ദൈവസ്നേഹം എനിക്കുണ്ടായിരുന്നില്ല. എനിക്ക് ഈ വേർപാട് എത്രയും വ്യഥാജനകമായിരുന്നു. കർത്താവിന്റെ സഹായമില്ലായിരുന്നുവെങ്കിൽ യാതൊരു ചിന്തകളും എന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ പര്യാപ്തമാകുമായിരുന്നില്ല. എനിക്കെതിരെ അടരാടാൻ കർത്താവ് എനിക്കു ധൈര്യം തന്നു. തന്നിമിത്തം എന്റെ നിശ്ചയം ഞാൻ നിറവേറ്റി.
തന്നെ ശുശ്രൂഷിക്കുന്നതിന് ബലം പ്രയോഗിക്കുന്നവരെ കർത്താവ് എങ്ങനെ സഹായിക്കുന്നുവെന്നു സഭാവസ്ത്ര സ്വീകരണവേളയിൽ അവിടുന്ന് എനിക്കു കാണിച്ചുതന്നു. ഞാൻ ഈ കഷ്ടതകളിൽ കൂടെ കടന്നുപോയെന്ന് ആരും അറിഞ്ഞിരുന്നില്ല. സ്വാഭാവിക താൽപര്യമനു സരിച്ചു പ്രവർത്തിച്ചുവെന്നാണ് എല്ലാവരുടേയും വിചാരം. നവമായ ജീവി താന്തസ്സിലേക്കു പ്രവേശിച്ചപ്പോൾ എന്റെ ആനന്ദം സീമാതീതമായിരുന്നു; അതിന് ഇന്നും കുറവുവന്നിട്ടില്ല. എന്റെ ഹൃദയശുഷ്കതയെ ആർദ്രതയായി കർത്താവു മാറ്റി. സന്യാസജീവിതത്തോടു ബന്ധപ്പെട്ട സമസ്തവും എനിക്ക് ആനന്ദം നൽകി. എന്റെ സന്തോഷത്തിനും വേഷവിഭൂഷണത്തിനുമായി ചെലവഴിച്ചിരുന്ന സമയം ഇപ്പോൾ ഗൃഹം അടിച്ചുവാരുന്നതിനാണു വിനിയോഗിച്ചിരുന്നത്. എന്റെ മൂഢവ്യർത്ഥതകളിൽ നിന്നു പിന്മാറിയ കാര്യം ഓർമിക്കുമ്പോൾ വിസ്മയാവഹമായ സന്തോഷത്തിൽ ഞാൻ ആറാടുകയാണ്. എവിടെ നിന്ന് ഈ ആനന്ദം വന്നുചേർന്നുവെന്ന് എനിക്കറിഞ്ഞുകൂടാ.. “
ലോകത്തെ ഉപേക്ഷിച്ച്, ഈശോയെ അനുഗമിച്ചപ്പോൾ നേരിടേണ്ടി വന്ന കഠിനവ്യഥകളിൽ, ഈശോയുടെ ഹിതത്തിന് കീഴ്‌വഴങ്ങി ആനന്ദം കണ്ടെത്തിയ വി.അമ്മത്രേസ്യയെപ്പോലെ നമുക്കും എന്നും ഈശോയുടെ ഹിതം മാത്രം അന്വേഷിക്കുന്നവരാകാം.
(കടപ്പാട്: വി.ത്രേസ്യയുടെ ആത്മകഥ – വിവ: മോൺ. തോമസ് മൂത്തേടൻ)
പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, വി.അമ്മത്രേസ്യയെ പോലെ, വേദനകൾ ഉണ്ടാകുമ്പോൾ നിന്റെ ശക്തിയിൽ ആശ്രയിക്കുവാനും, നിന്റെ പദ്ധതിയിൽ വിശ്വസിച്ചുകൊണ്ട് ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമേൻ.
വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount