നിരന്തരമായ പ്രാർത്ഥന ഒരാത്മാവിന് എത്രമാത്രം ആവശ്യമാണെന്നും, അത് എങ്ങനെ നടത്തണമെന്നും വി.അമ്മത്രേസ്യ പറയുന്നു..
"പ്രാർഥനാഭ്യാസം തുടങ്ങിയവർ എത്രയേറെ പാപങ്ങൾ ചെയ്താലും അത് ഉപേക്ഷിക്കരുത്. അതുവഴിയായിരിക്കാം നാം നമ്മുടെ ജീവിത നവീകരണം സാധിക്കേണ്ടത്; അതുകൂടാതെ ജീവിതപരിഷ്കാരം അസാധ്യമായെന്നുവരാം. അനുതപിച്ചു കൊണ്ടു മേലിൽ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നവരെ ദൈവം തൻറ സ്നേഹത്തിൽ പുനഃസ്ഥാപിക്കും. നമ്മളോടുള്ള തന്റെ സ്നേഹം അവിടുന്നു തുടരും. നമ്മുടെ അനുതാപം അർഹിക്കുമെങ്കിൽ ഇതുവരെ അവിടുന്നു തന്നുകൊണ്ടിരുന്ന അനുഗ്രഹങ്ങൾ മുഴുവനും ചിലപ്പോൾ കുറെ കൂടുതലും അവിടുന്നു തരും.
പ്രാർഥനാഭ്യാസം തുടങ്ങാത്തവർ ഇത്ര മഹാനുഗ്രഹം നഷ്ടപ്പെടുത്തരുതെന്നു ദൈവസ്നേഹത്തെപ്രതി ഞാൻ യാചിക്കുകയാണ്. ഇവിടെ ഭയത്തിനു സ്ഥാനമില്ല. ആഗ്രഹം മാത്രമേ വേണ്ടതുള്ളൂ. യാതൊരു പുരോഗമനവും ഒരാൾക്കുണ്ടാകുന്നില്ലെങ്കിലും ദൈവം പരിപൂർണർക്ക് നൽകാറുള്ള ആശ്വാസാനുഗ്രഹങ്ങൾക്കു യോഗ്യമാകത്തക്കവിധം പരിപൂർണത പ്രാപിക്കാൻ യത്നിക്കുന്നില്ലെങ്കിലും, ദൈവത്തിലേക്കുള്ള മാർഗത്തെപ്പറ്റിയുള്ള ജ്ഞാനം ക്രമേണ അയാൾക്കു ലഭിക്കും. അയാൾ വിശ്വസ്തനായി തുടരുകയാണെങ്കിൽ ദൈവം തന്റെ സ്നേഹിതർക്കു കൊടുക്കുന്ന സമ്മാനം അയാൾക്കും നൽകുമെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു.
മാനസിക പ്രാർഥന എന്റെ അഭിമതമനുസരിച്ചു ദൈവത്തോടുള്ള സ്നേഹപൂർവകമായ സംഭാഷണമാണ്. നമ്മളെ സ്നേഹിക്കുന്നുവെന്നു നമുക്ക് അറിയാവുന്നവനോടു ഏകാന്തതയിൽ പലപ്പോഴും നടത്തുന്ന നർമഭാഷണമാണ്.
വി. അമ്മത്രേസ്യായെപ്പോലെ, നിരന്തരമായ പ്രാർത്ഥനയിലൂടെ ഓരോ നിമിഷവും ഈശോയെ അനുഭവിച്ച് ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം..
(കടപ്പാട്: വി.ത്രേസ്യയുടെ ആത്മകഥ
- വിവ: മോൺ. തോമസ് മൂത്തേടൻ)
പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, എന്നും നിന്റെ ഒപ്പമായിരുന്ന്, നിന്നോടുള്ള സ്നേഹസംഭാഷണങ്ങളിൽ മുഴുകാനും, നിന്നോടുള്ള സ്നേഹത്തിൽ വളരുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമേൻ.
വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount