നമ്മുടെ ആത്മീയ ജീവിതത്തിൽ നാം ഭയവും ജാഗ്രതയും പുലർത്തേണ്ടത് എന്തിനോടാണെന്നുള്ളതിനെക്കുറിച്ച്
വി.അമ്മത്രേസ്യ ഇപ്രകാരം പറയുന്നു..
"പിശാചിനോടു സമരം ചെയ്യാൻ കർത്താവു എനിക്കു നൽകിയ ധൈര്യം അവിടുന്നു എനിക്കു നൽകിയ മഹാനുഗ്രഹങ്ങളിലൊന്നായി ഞാൻ കരു തുന്നു. സർവശക്തനായ ഒരു രാജാവും സകലരേയും തനിക്കു കീഴ്പ്പെടുത്താൻ കഴിയുന്ന ഒരു കർത്താവും നമുക്കുണ്ട്. അതിനാൽ ഒരാത്മാവ് ഭീരുവായി വ്യാപരിക്കുന്നതും ദൈവത്തെ ദ്രോഹിക്കുന്നതൊഴികെ മറ്റെന്തിനെയെങ്കിലും ഭയപ്പെടുന്നതും തീരെ ഉചിതമല്ല. നിർമല മനസ്സാക്ഷിയോടെ സർവശക്തന്റെ സന്നിധിയിൽ സത്യമായി വ്യാപരിക്കുകയാണെങ്കിൽ യാതൊന്നും ഭയപ്പെടാനില്ല. ആകയാൽ ഒരു നിമിഷം കൊണ്ടു നമ്മളെ നശിപ്പിക്കുവാൻ കഴിയുന്നവനെ ഒരു നിമിഷനേരത്തേക്കെങ്കിലും ദ്രോഹിക്കുന്നതു മാത്രമേ ഞാൻ മുമ്പ് പ്രസ്താവിച്ചിട്ടുള്ളതുപോലെ ഭയപ്പെടേണ്ടതുള്ളൂ. സർവേശ്വരനു നമ്മളോടു പ്രിയമാണെങ്കിൽ നമ്മളുടെ ശത്രുക്കൾ ആരായിരുന്നാലും ശരി, നിരാശയോടെ കൈ തിരുമ്മുകയേ ഉള്ളൂ."
വി. അമ്മത്രേസ്യായെപ്പോലെ, നമ്മെ സൃഷ്‌ടിച്ച നമ്മുടെ സൃഷ്ടാവിനെ നമുക്ക് എന്നും ഭയത്തോടും ബഹുമാനത്തോടും കൂടെ അനുസരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാം..
(കടപ്പാട്: വി.ത്രേസ്യയുടെ ആത്മകഥ
- വിവ: മോൺ. തോമസ് മൂത്തേടൻ)
പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, പിശാചിനെയും അവന്റെ പ്രലോഭനങ്ങളെയും ഭയക്കാതിരിക്കാനും, ഭയവും ബഹുമാനവും എന്നും നിനക്ക് മാത്രം നൽകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമേൻ.
വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount