ഈശോ തനിക്ക് നൽകിയ നരകദർശനത്തിൽ താൻ കാണുകയും അനുഭവിക്കുകയും ചെയ്ത പീഡകളെക്കുറിച്ച് വി.അമ്മത്രേസ്യ വിവരിക്കുന്നു..
എന്റെ അനുഭവങ്ങൾ വിവരിക്കാമെന്നുവച്ചാൽ എവിടെയാണു തുടങ്ങേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. തികച്ചും അവർണനീയമാണ്. എന്റെ ആത്മാവ് കത്തിയെരിയുന്നതുപോലെ തോന്നി. അത് എങ്ങനെ ഞാൻ വിവരിക്കും? ശാരീരിക വേദനകൾ ദുസ്സഹമായിരുന്നു. ഈ ജീവിതത്തിൽ ഞാൻ വളരെ സഹിച്ചിട്ടുണ്ട്. അതുവരെ എന്റെ ജീവിതത്തിലനുഭവിച്ചിട്ടുള്ള ഏറ്റവും വലിയ വേദന എനിക്കു തളർച്ചയുണ്ടായപ്പോൾ മാംസശിരകൾ കോച്ചിവലിച്ചതായിരുന്നു.പിശാച് എനിക്കു വരുത്തിക്കൂട്ടിയിട്ടുള്ള മറ്റു വേദനകൾ ഞാൻ പ്രതിപാദിച്ചിട്ടുള്ളതാണ്. എങ്കിലും ഇവയെല്ലാം ഞാൻ നരകത്തിൽ അനുഭവിച്ച വേദനയോടു തുലനം ചെയ്യുമ്പോൾ തുലോം നിസ്സാരമാണ്. അവയ്ക്ക് ശമനമോ അന്ത്യമോ ഉണ്ടായിരിക്കുകയില്ലെന്നുള്ളതും ഞാൻ ഓർത്തു.
എന്തെന്നില്ലാത്ത ഒരു ഞെരുക്കവും ശ്വാസം മുട്ടും കഠിനവേദനയും വർണിക്കുവാൻ വഹിയാത്തതും പ്രത്യാശയ്ക്ക് സ്ഥാനമില്ലാത്തതുമായ ഒരു മർദനവും എനിക്ക് അനുഭവപ്പെട്ടു. ശരീരത്തിൽനിന്ന് ആത്മാവിനെ ബലംപ്രയോഗിച്ചു വേർതിരിക്കു ന്നതുപോലും സാരമില്ലെന്നാണു എനിക്കു തോന്നുന്നത്. അതു വേറൊരാളുടെ കൈകൊണ്ടുണ്ടാകുന്ന ജീവനാശം മാത്രമാണല്ലോ. ഇവിടെ ആത്മാവിനെത്തന്നെ തുണ്ടുതുണ്ടായി ചിന്തിക്കീറുകയാണ്. എല്ലാ മർദ്ദനങ്ങളേയും വേദനകളേയും അതിശയിക്കുന്ന ആ നരകാഗ്നിയും നിരാശയും വിവരിക്കുവാൻ എനിക്കു കഴിവില്ല. എന്നെ മർദിച്ചതാരാണെന്നു ഞാൻ കാണുകയുണ്ടായില്ല; എന്നാൽ ഞാൻ തീയിൽ നിൽക്കുന്നതുപോലെയും കഷണം കഷണമായി ചീന്തിക്കീറിയതുപോലെയും എനിക്കു തോന്നി. ഈ ആന്തരികാഗ്നിയും നിരാശയുമായിരുന്നു എല്ലാ പീഡനങ്ങളേക്കാളും ദുസ്സഹമെന്നു ഞാൻ വീണ്ടും പറയുന്നു.
നരകത്തിൽ ഒരു നിമിഷമേ ഞാൻ സഹിച്ചുള്ളൂ. അന്നു മുതൽ ആ സഹനത്തോടു താരതമ്യപ്പെടുത്തി നോക്കുമ്പോൾ എല്ലാം സഹനീയമായിത്തോന്നുന്നുവെന്നു ഞാൻ പറയുന്നു. നരകവേദനകളെ വിവരിക്കുന്ന ഗ്രന്ഥങ്ങൾ വായിച്ചിട്ട് എനിക്കു ഭയം തോന്നിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്കു ഭയം തോന്നി. ഞാൻ എവിടെയായിരുന്നു? ഇത്ര ഭയാനകമായ സ്ഥലത്തേക്ക് എന്നെ നയിച്ചിരുന്ന കാര്യങ്ങളിൽ എങ്ങനെ എനിക്കു സന്തോഷിക്കാൻ കഴിയും? എന്റെ ദൈവമേ, അങ്ങു സദാ വാഴ്ത്തപ്പെട്ടവനാകട്ടെ. ഞാൻ അങ്ങയെ സ്നേഹിച്ചതിനേക്കാൾ കൂടുതലായി അങ്ങ് എന്നെ സ്നേഹിച്ചുവെന്ന് എത്ര സ്പഷ്ടമാണ്! കർത്താവേ, ഭയാനകമായ ആ കാരാഗൃഹത്തിൽ നിന്ന് എത്ര പ്രാവശ്യം അങ്ങ് എന്നെ രക്ഷിച്ചു? അങ്ങയുടെ ഇഷ്ടത്തിനെതിരായി എത്രപ്രാവശ്യം അവിടേക്ക് തിരിച്ചുപോകാൻ ഞാൻ ശ്രമിച്ചു!
വിവരിക്കാനാവാത്ത പീഡകളിലേക്ക് നമ്മെ നയിക്കാൻ കഴിയുന്ന പാപത്തിന്റെ ക്ഷണികമായ സുഖങ്ങളിൽ മുഴുകാതെ, നിത്യാനന്ദത്തിലേക്ക് നമ്മെ നയിക്കുന്ന വചനാധിഷ്ഠിത ജീവിതത്തിന്റെ ആനന്ദം നുകർന്ന് നമുക്ക് ജീവിക്കാം..
(കടപ്പാട്: വി.ത്രേസ്യയുടെ ആത്മകഥ
- വിവ: മോൺ. തോമസ് മൂത്തേടൻ)
പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, നിന്റെ കുരിശുമരണത്തിന്റെ യോഗ്യതയാണല്ലോ ഞങ്ങളെ നരകാഗ്നിയിൽ നിന്ന് രക്ഷിക്കുന്നത്.നിന്റെ കൃപയിൽ ആശ്രയിച്ചു ജീവിച്ചുകൊണ്ട്, പാപസുഖങ്ങളെ വെടിയുവാനും, നീ നേടിത്തന്ന നിത്യാനന്ദം സ്വന്തമാക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമേൻ.
വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount