ഒരിക്കൽ വി. കുരിശിന്റെ യോഹന്നാൻ അമ്മത്രേസ്യക്ക് വിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ച് കൊടുത്തു. കുർബാന സ്വീകരണത്തിനുശേഷം അവൾ പ്രാർത്ഥനയിൽ മുഴുകി. ഈ സമയം ഒരു ദർശനമുണ്ടായി. ദർശനത്തിന്റെ ചുരുക്കമിതാണ്.
ക്രൂശിതനായ കർത്താവ് പ്രത്യക്ഷനായി അവളോട് പറഞ്ഞു. “ ഈ ആണി ശ്രദ്ധിക്കുക. നീ എന്റെ വധുവാണ് എന്നതിന്റെ അടയാളമാണിത്. ഇതു വരെ നീ ഇത് അർഹിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മുതൽ നീ എന്റെ ബഹുമതിക്കർഹയാകുന്നത് നിന്റെ സൃഷ്ടാവ് എന്ന നിലയിലും, രാജാവ് എന്ന നിലയിലും, ദൈവം എന്ന നിലയിലും മാത്രമല്ല, പിന്നെയോ എന്റെ വധു എന്ന നിലയിലും കൂടിയാണ്. എന്റെ ബഹുമതി നിന്റേതും നിന്റെ ബഹുമതി എന്റേതുമാണ്.” (ബന്ധങ്ങൾ 35)
1582-ൽ അമ്മത്രേസ്യ ആൽബാ ആശ്രമത്തിലെത്തി. അവർ സന്തോഷത്തോടെ അമ്മയെ സ്വീകരിച്ചു. അമ്മയുടെ അന്ത്യദിനം അടുത്തിരിക്കുന്നുവെന്ന് മനസ്സിലാക്കിയ സഹോദരിമാർ പുണ്യവതിയുടെ മുമ്പിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങി. കഠിന ഉപവാസവും യാത്രാക്ഷീണവും അമ്മത്രേസ്യയെ തളർത്തിക്കഴിഞ്ഞു. സംസാരിക്കാൻ പോലും പറ്റുന്നില്ല. പോരാത്തതിന് ശക്തമായ പനിയും. എങ്കിലും എല്ലാ ദിവസവും ദിവ്യകാരുണ്യ സ്വീകരണം അവൾ നടത്തി. രോഗം മൂർഛിച്ചുകൊണ്ടിരുന്നു.
മരണം അടുത്തെത്തിക്കൊണ്ടിരി ക്കുന്നുവെന്ന് അമ്മയ്ക്ക് ബോധ്യമായി. മരുന്നുകളൊന്നും ഫലിക്കുന്നില്ല. വേദന കൂടിക്കൂടി വരുന്നു. മരണത്തോടടുക്കുന്തോറും ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. ദിവ്യകാരുണ്യം അടുത്തെത്തുമ്പോൾ അവളുടെ മുഖം പ്രഭാപൂരിതമാകും. ദിവ്യനാഥന്റെ പക്കലേക്ക് പറന്നുയരാൻ ശ്രമിക്കുന്നതുപോലെ, കൂടെ നിൽക്കുന്നവർക്കു തോന്നി. അന്ത്യകൂദാശയും നൽകപ്പെട്ടു. ആത്മീയ മക്കൾ കണ്ണുനീർ പൊഴിച്ചു.
കർത്താവേ, ഞാൻ തിരുസഭയുടെ ഒരു സന്താനമായി മരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടേയിരുന്നു. യാത്രക്കുള്ള ഒരുക്കം പൂർത്തിയായി. അന്ത്യകൂദാശ സ്വീകരിച്ചതിന്റെ പിറ്റേദിവസം ക്രൂശിത രൂപത്തെ മുറുകെപ്പിടിച്ച് ചുംബിച്ചുകൊണ്ട് തുടർച്ചയായി 14 മണിക്കൂർ പ്രാർത്ഥനാപാരവശ്യത്തിൽ നിമഗ്നയായി. എഴുന്നേൽക്കുക വേഗം വരുക എന്നുള്ള മണവാളന്റെ ക്ഷണം ശക്തമായി. ഈ ഭക്തി പാരവശ്യത്തിനിടയിൽ 1582 ഒക്ടോബർ 4-ാം തിയ്യതി “ഞാൻ തിരുസഭയുടെ പുത്രിയായി ജനിച്ചു. തിരുസഭയുടെ പുത്രിയായി മരിക്കുന്നുവെന്നും വികാരത്തോടെ പറഞ്ഞു കൊണ്ട് അവൾ തന്റെ ആത്മാവിനെ ദൈവകരങ്ങളിൽ സമർപ്പിച്ചു. ദിവ്യരക്ഷകൻ അനേകം മാലാഖമാരുടെ പരിവാരത്തോടെ അവളെ നിത്യതയിലേക്ക് നയിക്കുന്നത് ഈശോയുടെ അന്ന് എന്ന പാവപ്പെട്ട കന്യാസ്ത്രീക്ക് കാണാൻ സാധിച്ചു. മരിക്കുമ്പോൾ പുണ്യവതിക്ക് അറുപത്തിയേഴര വയസ്സായിരുന്നു.
വി.അമ്മത്രേസ്യയെപ്പോലെ, ജീവിതകാലം മുഴുവനും ഈശോയെ സ്നേഹിക്കുവാനും അവസാനം സ്വർഗത്തിൽ ഈശോയോടൊപ്പമാകാനുമുള്ള കൃപയ്ക്കായ് നമുക്ക് പ്രാർഥിക്കാം..
പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, ജീവിതം മുഴുവൻ അങ്ങേക്ക് സമർപ്പിക്കുവാനും, ജീവിതാവസാനം വരെ അങ്ങയോട് വിശ്വസ്തത പുലർത്തുവാനും ഞങ്ങളെ സഹായിക്കണമേ.
ആമേൻ.
വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount